‘വില നോക്കിയാൽ മിനിമം രണ്ട് ലോറിയിലേറെ നോട്ടുകൾ വേണ്ടിവരും നാല് ഇരുതല മൂരിപ്പാമ്പുകൾക്ക്!’
‘അനീ, നീ... ഇത് കണ്ടോ... നമുക്കിനി എന്ത് ചെയ്യാൻ കഴിയും..?’ കവറിൽ നിന്നെടുത്ത കടലാസ് എന്നെ കാണിച്ചുകൊണ്ട് രാജേഷ് എന്ന് പേരുള്ള എറണാകുളം ഫ്ളൈയ്യിംഗ് സ്ക്വാഡ് ഡിഎഫ്ഒ പറഞ്ഞു. ഉദ്ദേശം പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ഇപ്പോൾ അദ്ദേഹം റാന്നി ഡിഎഫ്ഒ ആണ്. ആ സമയം എന്നോടൊപ്പം ഇന്റലിജൻസിൽ ഉണ്ടായിരുന്ന അനിൽകുമാർ എന്ന ഫോറസ്റ്ററും ഉണ്ടായിരുന്നു. ഞാൻ ചോദ്യഭാവത്തിൽ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ആ കടലാസ് എന്‍റെ കൈയിലേക്ക് തന്നു. അത് ഏറ്റ് വാങ്ങുമ്പോൾത്തന്നെ ഉണങ്ങിയ ചോരയുടെ മടുപ്പിക്കുന്ന മണമാണ് മൂക്കിലേയ്ക്ക് അടിച്ചു കയറിയത്! അതെ, പ്രതീക്ഷിച്ചത് പോലെ ആരോ ചോരയിലാണ് ആ കത്ത് എഴുതിയിരിക്കുന്നത്!
ഒരു നിമിഷം ഓർമ്മകൾ പിന്നാക്കം മറിഞ്ഞു. പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് ഒരു കടുത്ത പ്രണയം ഉണ്ടായിരുന്നു. അന്ന് ഇൻറർനെറ്റും വാട്സാപ്പും ഇൻസ്റ്റാഗ്രാമും മെസഞ്ചറും ഒന്നും ഇല്ലായിരുന്നല്ലോ. അപ്പോൾ പ്രേമലേഖനം തന്നെയായിരുന്നു ആശയവിനിമയത്തിനുള്ള ഏകവഴി. അങ്ങനെ നിരന്തരം കത്തെഴുതിയാൽ നമ്മളുടെ കൈയ്യക്ഷരം നന്നാകുകയും ഭാവുകത്വം വർധിക്കുകയും ചെയ്യും. നടരാജ് എന്ന കമ്പനിയുടെ ഇരുന്നൂറ് പേജ് ബുക്കിൽ ആദ്യപേജിൽ ‘പ്രിയ@@@@@...’ എന്നു തുടങ്ങി അവസാനത്തെ പേജിൽ ‘സ്നേഹപൂർവ്വം അനി’ എന്ന് അവസാനിക്കുന്ന ഒരു നീണ്ട ‘മഹാഭാരതക്കത്ത്’ ഖാണ്ഡം ഖാണ്ഡമായി ഞാനവൾക്കായി എഴുതിയത് ഇന്നും ലേശം അഭിമാനത്തോടെയാണ് ഓർക്കുന്നത്. ഒരാഴ്ചയോളം നീണ്ട അതിന്റെ ഗൗരവകരമായ നിർമാണപ്രവർത്തനങ്ങൾക്കിടയിൽ ഒരു ദിവസം രാത്രി എന്റെ വായനയുടെ ശബ്ദം പുറത്ത് കേൾക്കാത്തതിനാൽ ഞാൻ പഠിക്കുന്നുണ്ടോ എന്ന് നോക്കാനായി മാർജ്ജാരനെപ്പോലെ ചുവടുകൾ വച്ചെത്തിയ സ്വന്തം പിതാശ്രീ അത് പിടിച്ചെടുക്കാൻ ഒരു വിഫലശ്രമം നടത്തിയതും ഞാൻ മറന്നിട്ടില്ല. ഞാനും താതനും തമ്മിൽ നടന്ന പിടിവലിയുടെ അവസാനം പരാജയപ്പെട്ട അദ്ദേഹം അതുപേക്ഷിച്ച് പിൻവാങ്ങുകയായിരുന്നു, പിന്നെ അവളുടെ വീട്ടിൽനിന്ന് പരാതിയുമായി എന്റെ വീട്ടിലേയ്ക്ക് ആളു വന്നപ്പോൾ അത് എന്തായിരുന്നുവെന്ന് അച്ഛന് ഒരു പക്ഷേ കൃത്യമായി മനസ്സിലായിക്കാണണം!
കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് പിരിയാൻ നേരം ധനാഢ്യയും അന്യമതസ്ഥയുമായ ആ പെൺകുട്ടി സ്വന്തം ചോരയിൽ മുക്കിയെഴുതിത്തന്ന ഒരു കത്ത് ഏറെ നാൾ ഞാൻ രഹസ്യമായി എന്റെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്നു. അതിന് മറുപടിയായി ഞാനും മൊട്ടുസൂചി കൊണ്ട് കൈവിരൽ മുറിച്ച് രക്തം പുരട്ടി ഒരു കത്തെഴുതിയിരുന്നു. എന്തായാലും ‘കാലത്തിന്റെ കൈവിരൽത്തള്ളലാൽ’ ആ പ്രേമയാനം ഒഴുകിയകന്നുപോയി. ചുഴികളും മലരികളും നിറഞ്ഞ ആ മഹാസമുദ്രത്തിൽ ഊളിയിടാൻ എനിക്ക് എന്തോ ഭയമായിരുന്നു. മതവും ജാതിയും സാമൂഹ്യ വ്യവസ്ഥിതികളും തീർത്ത അഭേദ്യങ്ങളായ കോട്ടകൊത്തളങ്ങളുടെ അടച്ചുറപ്പുകൾ ഭേദിക്കാനാകാതെയാകാം ഞാനന്ന് പിന്തിരിഞ്ഞോടിയത്. അതൊരു കഥ.
പിന്നീട് രണ്ട് പതിറ്റാണ്ടിന് ശേഷം തീർത്തും വേറൊരു അവസ്ഥയിൽ ആ പെൺകുട്ടിയെ കാൺകെ ഞാൻ സ്വത്വം വെളിപ്പെടുത്താതെ ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടുകയും ചെയ്തിരുന്നു. എന്നിരുന്നാലും അന്നുമുതൽ ചോരയുടെ ഉണങ്ങിയ മണം എന്റെ നാസാരന്ധ്രങ്ങൾക്ക് ഏറെ പരിചിതമാണ്. ഇന്ന് ഇന്ത്യയുടെ മറ്റേതോ കോണിൽ ജീവിച്ചിരിക്കുന്ന അന്നത്തെ ആ പെൺകുട്ടിയോട് ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു.
ആ കത്ത് കയ്യിലേറ്റ് വാങ്ങുന്നതിന് മുമ്പ് അത്തരം ചിന്തകൾ ഒരു മിന്നായം പോലെ എന്റെ മനസ്സിലൂടെ കടന്ന് പോയിരിക്കണം. അനിൽകുമാർ എന്റെ ഇടത് വശത്തായി ഇരിക്കുകയാണ്. അയാൾക്ക് കൂടി കാണത്തക്ക വിധത്തിലാണ് ഞാനാ കത്ത് തുറന്നതും!
‘സാർ.. ഞാനീ കുറ്റകൃത്യത്തിൽ നിരപരാധിയാണ്. ഞാൻ താജിക്കിസ്ഥാനിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. സെമസ്റ്റർ ബ്രേക്കിന് നാട്ടിൽ വന്നപ്പോൾ അടുപ്പമുള്ള രണ്ട് മൂന്ന് പേർ ഡബിൾ എൻജിനെന്ന് പറയുന്ന ഇരുതലമൂരിപ്പാമ്പിന്റെ കച്ചവടം ഉണ്ടെന്നും ആയിരം കോടിയോളം രൂപയാണ് കിട്ടാൻ പോകുന്നതെന്നും പറഞ്ഞു. ‘ജീവിതത്തിൽ അത്രയും പണം ഞാനിത് വരെ കണ്ടിട്ടില്ല. അത്രയും കാശ് ഒരുമിച്ച് ഒരു വണ്ടിയിൽ കൊണ്ടുവരാനാകില്ലെന്നും അതിനായി എന്റെ കാറും കൂടെ എടുക്കണം എന്ന് പറഞ്ഞപ്പോൾ ഞാനും കൂടി പുറപ്പെട്ടതാണ്. അവസാനം എന്റെ വണ്ടിയും പോയി. കേസ്സിലകപ്പെട്ട് ഞാൻ ജയിലിലും ആയി.’
‘വീട്ടുകാർ ലോക്കൽ റെയ്ഞ്ചിൽ അന്വേഷിച്ചപ്പോൾ എന്നെ ഒഴിവാക്കനാകില്ലെന്നാണ് പറയുന്നത്. കോടതിയുടെ അനുവാദം വാങ്ങാതെ എനിക്ക് താജിക്കിസ്ഥാനിലേയ്ക്ക് തിരികെ പോകാനോ പഠിത്തം പൂർത്തിയാക്കാനോ പറ്റാത്ത അവസ്ഥയാണ്.’
‘ഫ്ലൈയിങ്’ സ്ക്വാഡ് പിടിച്ച് കൊടുത്ത കേസ്സാണെന്നും അതിനാൽത്തന്നെ അവർക്കായിട്ട് ഒന്നും ചെയ്യാനാവില്ലെന്നുമാണ് @@@@ റെയ്ഞ്ചുകാർ പറയുന്നത്. എന്നെ സഹായിക്കാനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം സാർ. പഠിത്തം പൂർത്തിയാക്കാൻ ഒരവസരം എങ്കിലും തരണം. ’
‘ദയവായി എന്നെ വിശ്വസിക്കണം സാർ. എന്റെ കോളേജ് ഐഡന്റിറ്റി കാർഡിന്റെ കോപ്പി ഞാനിതോടൊപ്പം വയ്ക്കുന്നു. പ്രതീക്ഷയോടെ. (പേരും വിലാസവും ഫോൺ നമ്പറും).’
ആ കത്ത് പിടിച്ചിരിക്കുന്ന എന്റെ കൈ ചെറുതായി വിറയ്ക്കുന്നത് പോലെ എനിക്ക് തോന്നി. രാജേഷ് എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്. പറഞ്ഞുവരുമ്പോൾ ഞാനും ആ പാതകത്തിന്റെ ഭാഗമാണ്. പക്ഷേ, ഇവിടെ നമ്മൾ തീർത്തും നിസ്സഹായരാണെന്ന് ആരോട് പറയാനാണ്? പണ്ട് ഒരു ദിവസം രാത്രി ഇതുപോലെ തന്നെ എൻജിനീയറിങ്ങിന് പഠിക്കുന്ന ആറ് ആൺകുട്ടികൾ അഗളിയിൽവച്ച്........
