സത്യനില്ലാതെ പിറന്നുവീണ സത്യന്റെ പാട്ട്
ഫ്രെയിമിൽ സത്യന്റെ ഭാവോജ്ജ്വലമായ മുഖം. കണ്ണുകളിൽ ആത്മരോഷത്തിന്റെ കനൽ. പശ്ചാത്തലത്തിൽ അശരീരി പോലെ യേശുദാസിന്റെ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ച ശില്പികളേ പറയൂ പ്രകാശമകലെയാണോ..'
ഇനിയും കണ്ടു മതിവന്നിട്ടില്ലാത്ത ഗാനരംഗമാണത്. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഭൂതകാലത്തുനിന്ന് ഓർമ്മയിൽ ഒഴുകിയെത്തുന്ന ചരിത്ര മുഹൂർത്തം. 'അനുഭവങ്ങൾ പാളിച്ചക'ളിലെ ചെല്ലപ്പന്റെ മുഖത്തിന്റെ ക്‌ളോസപ്പ് ഷോട്ടിൽ നിന്ന് ക്യാമറ സഞ്ചരിക്കുന്നത് പഴയ കൊച്ചിയിലെ നഗരപാതകളിലേക്ക്. നഗ്‌നപാദനായി, ലക്ഷ്യമില്ലാതെ നടന്നുനീങ്ങുന്ന സാധാരണക്കാരനായ ഒരു തൊഴിലാളിയായി, നിസ്സഹായതയുടെ ആൾരൂപമായി സത്യൻ നിറയുകയാണ് മെല്ലി ഇറാനിയുടെ ക്യാമറയിൽ. പശ്ചാത്തലത്തിൽ വയലാറിന്റെ അർത്ഥഗർഭമായ വരികൾ: 'ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു, ധർമനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു...'
ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും തമ്മിലുള്ള പൊരുത്തം ഏറ്റവും പ്രകടമാകുക ചരണത്തിലാണ്. പാലത്തിന്റെ കൈവരിയിൽ കയ്യൂന്നി വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ചെല്ലപ്പന്റെ അസ്വസ്ഥമായ മുഖമാണ് സ്‌ക്രീനിൽ. പശ്ചാത്തലത്തിൽ ദാർശനിക മാനങ്ങളുള്ള വയലാറിന്റെ വരികൾ: 'ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു, തത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു...' തകഴിയുടെ കഥയിൽ നിന്ന് തോപ്പിൽ ഭാസി രൂപപ്പെടുത്തിയ തിരക്കഥ ആസ്പദമാക്കി കെഎസ്‌സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ........
