menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പാലാക്കാര്‍ ആരുടെയും രാഷ്‌ട്രീയ അടിമകളല്ല: ഷോണ്‍ ജോര്‍ജ്‌

23 0
25.03.2026

പാലാക്കാര്‍ ആരുടെയും രാഷ്‌ട്രീയ അടിമകളല്ലെന്ന്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുമെന്നു ബി.ജെ.പി. നേതാവും പാലായിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയുമായ ഷോണ്‍ ജോര്‍ജ്‌. 22 വര്‍ഷം മുമ്പ്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായിരുന്ന പി.സി. തോമസിനു ലോക സഭയിലേയ്‌ക്ക്‌ പാലായില്‍ നിന്നും ലഭിച്ച ഭൂരിപക്ഷം 11000 വോട്ടാണ്‌. കൃത്യമായ കാഴ്‌ചപ്പാടുള്ളവരാണ്‌ പാലാക്കാര്‍. പാലായ്‌ക്ക്‌ ഒരു രാഷ്‌ട്രീയമുണ്ട്‌. അത്‌ നാടിന്റെ വികസനം ലഷ്യമാക്കിയുളളതാണെന്നും ഷോണ്‍ ജോര്‍ജ്‌ പറഞ്ഞു.

ന്യൂപക്ഷ വിഭാഗങ്ങളുടെ നിലപാട്‌ എന്‍.ഡി.എയെ സഹായിക്കുമോ?

.. ബി.ജെ.പി.ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം കാലങ്ങളായി യു.ഡി.എഫും എല്‍.ഡി.എഫും ഉയര്‍ത്തുന്നത്‌ ബി.ജെ.പിയെ ന്യൂനപക്ഷങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനാണ്‌. ഈ കള്ളത്തരം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരള രാഷ്‌ട്രീയത്തില്‍ വര്‍ഗീയത തടയാന്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്‌ക്കും മാത്രമേ കഴിയൂ. എനിക്ക്‌ എന്റെ ൈക്രസ്‌തവ വിശ്വാസം കാത്തുസംരക്ഷിക്കാന്‍ കഴിയുന്നത്‌ ബി.ജെ.പി. എടുക്കുന്ന നിലപാട്‌ കാരണമാണ്‌. മറ്റ്‌ വിശ്വസങ്ങളെ ബഹുമാനിക്കുന്ന സംഘടനയാണ്‌ ആര്‍.എസ്‌.എസ്‌. മതമാണ്‌, മതമാണു വലുതെന്ന്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പറഞ്ഞാല്‍ മതേതരത്വവും, സ്വന്തം സമുദയത്തില്‍പ്പെട്ടവര്‍ക്ക്‌ അര്‍ഹമായ പരിഗണന വേണമെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞാല്‍ വര്‍ഗീതയുമാകുന്ന ഇരട്ടത്താപ്പാണു യു.ഡി.എഫ്‌. സ്വീകരിക്കുന്നത്‌.

യു.ഡി.എഫ്‌. ആണോ എല്‍.ഡി.എഫ്‌. ആണോ എന്‍.ഡി.എയുടെ പ്രധാന എതിരാളി?

.. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായ രാഷ്‌ട്രീയ സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ എന്‍.ഡി.എ.യുടെ ലക്ഷ്യം. എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാണെന്നു കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന രാജ്യവിരുദ്ധ ശക്‌തികള്‍ ഇപ്പോള്‍ യു.ഡി.എഫിനൊപ്പമാണ്‌. മുസ്ലിം ലീഗിനെപ്പോലും ജമാ അത്ത്‌ ഇസ്ലാമി വിഴുങ്ങിക്കളഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കാനുള്ള ഇവരുടെ ഒത്തൊരുമയാണ്‌ ദേശവിരുദ്ധ ശക്‌തികള്‍ ഇവരുടെ സഹയാത്രികരാകാന്‍ കാരണം. കേരളം വിട്ടാല്‍ ഒരുമിച്ച്‌ കിടന്നുറങ്ങുന്ന ഇരു മുന്നണികളും കേരളത്തിലും ഒന്നാകുന്ന കാലം വിദൂരമല്ല.

എന്‍.ഡി.എ. മുന്നണിക്ക്‌ എത്ര സീറ്റുകള്‍ വരെ ലഭിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്‌ ?

... എന്‍.ഡി.എയ്‌ക്കു വലിയ രീതിയില്‍ വിജയിക്കാന്‍ കഴിയും. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വലിയ മുന്നൊരുക്കങ്ങളുമായാണു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഭരണം പിടിക്കുന്നതിന്‌ ബി.ജെ.പിക്ക്‌ കഴിയുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്‌. രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞത്‌ താന്‍ നേതാവാകാന്‍ വന്നയാളല്ലെന്നും നേതാക്കളെ സൃഷ്‌ടിക്കാന്‍ വന്നതാണെന്നുമാണ്‌്്.ഇത്‌ ശരിയായിരുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കും.

പാലായിലെ മത്‌സരത്തെ എങ്ങനെ കാണുന്നു?

മാണി സി. കാപ്പന്‍ ഒന്നും ചെയ്‌തില്ലെന്ന്‌ ജോസ്‌ കെ. മാണിയും ജോസ്‌ കെ. മാണി ഒരു വികസനവും നടത്താന്‍ സമ്മതിക്കുന്നില്ലെന്ന്‌ മാണി സി. കാപ്പനും പറയുന്നു. എം.എല്‍.എ. എന്ന നിലയില്‍ അവകാശപ്പെട്ടത്‌ പിടിച്ചു വാങ്ങാന്‍ കാപ്പന്‌ കഴിഞ്ഞില്ല. നെഞ്ചിലാണ്‌ പാലാ എന്ന്‌ ജോസ്‌ കെ. മാണി പറയുന്നുണ്ടെല്ലോ. പാലായോട്‌ സ്‌നേഹമുണ്ടെങ്കില്‍ അദ്ദേഹം എന്തുകൊണ്ട്‌ വികസനം തടസപ്പെടുത്തി. ജോസ്‌ കെ. മാണിക്ക്‌ സ്വന്തം രാഷ്‌ട്രീയത്തോടു മാത്രമാണ്‌ സ്‌നേഹം. പരസ്‌പരം പഴിചാരി പാലായുടെ വികസനത്തെ പിന്നോട്ടടിക്കുകയാണ്‌ രണ്ടുപേരും ചെയ്‌തത്‌. ഇവരോടുള്ള എതിര്‍പ്പ്‌ പാലായില്‍ എന്‍.ഡി.എയ്‌ക്ക്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കും മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌ഥലമാണു പാലാ. എന്നിട്ടും വികസന കാര്യത്തില്‍ വളരെ പിന്നിലാണ്‌. പാലായും പരിസരങ്ങളും വൃദ്ധ സദനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നത്‌ വളരെ ഗൗരവമായി കാണേണ്ടതാണ്‌. തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയാത്തതിനാലാണ്‌ യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്നത്‌. ഇതിനുള്ള പരിഹാരം യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ്‌. ഇതിനായി നിരവധി പദ്ധതികള്‍ മനസിലുണ്ട്‌. ഇതില്‍ ഏറ്റവും പ്രാധാന്യം പാലായെ ഒരു 'ഫ്രൂട്‌സ്‌ വില്ലേജ്‌' ആക്കി മാറ്റുക എന്നതാണ്‌. ഇതുവഴി ആയിരക്കണക്കിന്‌ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്‌ടിക്കപ്പെടും.


© Mangalam