menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഡീല്‍... ഓര്‍ നോ ഡീല്‍

24 0
24.03.2026

കേരളത്തിലെ രാഷ്‌ട്രീയ ധ്രുവീകരണത്തെ പുതിയ തലത്തിലെത്തിച്ച സി.പി.എം-ബി.ജെ.പി. ഡീല്‍ അഥവാ അവിശുദ്ധ കൂട്ടുകെട്ട്‌ എന്ന യു.ഡി.എഫ്‌. ആരോപണം യാഥാര്‍ഥ്യമോ അതോ രാഷ്‌ട്രീയ തന്ത്രമോയെന്ന കാര്യത്തില്‍ ദുരൂഹത. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ടുകള്‍ കച്ചവടം ചെയ്യുന്നുവെന്നും യു.ഡി.എഫിനെ അധികാരത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണ ഉണ്ടാക്കുന്നുവെന്നുമാണ്‌ പ്രധാന ആരോപണം. ഈ ആരോപണത്തിന്‌ ആസ്‌പദമായ പ്രധാന മണ്ഡലങ്ങളും രാഷ്‌ട്രീയ സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ തിരുവനന്തപുരത്തെ നേമം, കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം, പാലക്കാട്‌, തൃശൂര്‍ എന്നീ മണ്ഡലങ്ങളാണ്‌ പ്രധാനമായും ചര്‍ച്ചയാവുന്നത്‌. 2016-ല്‍ ബി.ജെ.പി. കേരളത്തില്‍ ആദ്യമായി അക്കൗണ്ട്‌ തുറന്ന മണ്ഡലമാണ്‌ നേമം. ഇവിടെ സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക്‌ മറിച്ചുവെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. എന്നാല്‍ 2021ല്‍ നേമം തിരിച്ചു പിടിച്ച്‌ എല്‍.ഡി.എഫ്‌. ഈ ആരോപണത്തെ പ്രതിരോധിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇരുപക്ഷവും മത്സരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ കുറ്റപ്പെടുത്തല്‍. ബി.ജെ.പിക്ക്‌ ശക്‌തമായ സ്വാധീനമുള്ള പാലക്കാട്‌ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്‌ വോട്ടുകള്‍ ബി.ജെ.പിയിലേക്ക്‌ പോയെന്ന്‌ യു.ഡി.എഫ്‌. ആരോപിച്ചു. തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി. വിജയത്തിന്‌ പിന്നിലും ഡീല്‍ ആരോപണമുണ്ടായി. എല്‍.ഡി.എഫ്‌ വോട്ടുകള്‍ ബി.ജെ.പിയിലേക്ക്‌ പോയതു കൊണ്ടാണ്‌ അവിടെ സുരേഷ്‌ ഗോപി വിജയിച്ചതെന്നാണ്‌ യു.ഡി.എഫ്‌. വാദിച്ചത്‌. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം ധാരണകള്‍ ഉണ്ടാകുമെന്ന്‌ യു.ഡി.എഫ്‌. കരുതുന്നു. 2021ല്‍ എല്‍.ഡി.എഫ്‌. ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട്‌ വിഹിതത്തില്‍ ഉണ്ടായ വന്‍ ഇടിവ്‌ ചൂണ്ടിക്കാട്ടിയാണ്‌ യു.ഡി.എഫ്‌. ഡീല്‍ ആരോപണം ശക്‌തമാക്കിയത്‌. ബി.ജെ.പി. വോട്ടുകള്‍ വ്യാപകമായി എല്‍.ഡി.എഫിലേക്ക്‌ മറിഞ്ഞുവെന്നായിരുന്നു പ്രധാന പരാതി. ചില നിര്‍ണായക മണ്ഡലങ്ങളിലെ ബി.ജെ.പി. വോട്ടുകളിലുണ്ടായ കുറവ്‌ തെളിവായി യു.ഡി.എഫ്‌. ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ പലതാണ്‌. എല്‍.ഡി.എഫും ബി.ജെ.പിയും പരസ്‌പരം ഡീലിലാണെന്ന്‌ സ്‌ഥാപിക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക്‌ കേന്ദ്രീകരിക്കുക എന്നതാണ്‌ ഈ ആരോപണത്തിന്‌ പിന്നിലെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്‌. സര്‍ക്കാരിനെതിരെയുള്ള വികാരം വോട്ടായി മാറുന്നത്‌ തടയാന്‍ എല്‍.ഡി.എഫ്‌. ബി.ജെ.പിയെ സഹായിക്കുന്നുവെന്ന്‌ യു.ഡി.എഫ്‌. വിശ്വസിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സി.പി.എം. ബി.ജെ.പിയുമായി ഒത്തുതീര്‍പ്പ്‌ നടത്തുന്നു എന്നതാണ്‌ യു.ഡി.എഫിന്റെ മറ്റൊരു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ അസംബന്ധം എന്നാണ്‌ സി.പി.എം. വിശേഷിപ്പിക്കുന്നത്‌. യഥാര്‍ഥത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്നാണ്‌ തങ്ങളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അവര്‍ തിരിച്ചടിക്കുന്നു. ഇതേസമയം തങ്ങളുടെ വോട്ട്‌ വിഹിതം വര്‍ധിക്കുന്നത്‌ പാര്‍ട്ടിയുടെ സ്വീകാര്യത കൊണ്ടാണെന്നും വോട്ട്‌ കച്ചവടം നടത്തിയിട്ടില്ലെന്നും ബി.ജെ.പിയും പറയുന്നു.ബി.ജെ.പിക്ക്‌ ശക്‌തമായ വോട്ട്‌ ബാങ്കുള്ള തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്‌ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ്‌. മികച്ച പ്രകടനം കാഴ്‌ചവച്ചാല്‍ അത്‌ ബി.ജെ.പി. വോട്ടുകള്‍ വാങ്ങിയാണെന്ന ആരോപണം യു.ഡി.എഫ്‌. വീണ്ടും ഉയര്‍ത്തും. ബി.ജെ.പിക്ക്‌ വലിയ വിജയ സാധ്യതയുള്ള പാലക്കാട്‌ എല്‍.ഡി.എഫിന്റെ വോട്ട്‌ വിഹിതം കുറയുകയാണെങ്കില്‍ അത്‌ ഡീല്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും യു.ഡി.എഫ്‌. ആരോപിക്കും. മഞ്ചേശ്വരത്ത്‌ ബി.ജെ.പിയെ തടയാന്‍ ആര്‌ വോട്ട്‌ മറിക്കുന്നുവെന്ന തര്‍ക്കവും പതിവു പോലെ തുടരും.


© Mangalam