സെൻസസിനുമുമ്പേ മറ്റൊരു കണക്കെടുപ്പ്
ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം സെൻസസിന്റെ ആദ്യഘട്ടത്തിലേക്ക് രാജ്യം കടന്നതിനിടയിൽ മറ്റൊരു കണക്കെടുപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരക്കിട്ട് തുടക്കമിട്ടിരിക്കുന്നു. അനധികൃത കുടിയേറ്റവും മറ്റു ‘അസാധാരണ കാരണങ്ങളും’ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ജനസംഖ്യാ വ്യതിയാനത്തിന്റെ കണക്കെടുപ്പാണ് ധിറുതിപിടിച്ച് നടത്തുന്നത്. അനധികൃത കുടിയേറ്റത്താലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ രാജ്യത്തുണ്ടായ ജനസംഖ്യാ മാറ്റവും അതിനുള്ള കാരണവും ശാസ്‍ത്രീയമായി പഠിച്ച് അവ തടയുന്നതിന് ഉചിതമായ നയ, നിയമ, ഭരണ നടപടികൾ ശിപാർശ ചെയ്യാൻ ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്ലേക്കർ എന്ന റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാരെ നിയമപരവും നീതിപൂർവകവുമായ രീതിയിൽ സമയബന്ധിതമായി തിരിച്ചറിഞ്ഞ് തടങ്കലിലാക്കി നാടുകടത്താനുള്ള സുസംഘടിതമായ സ്ഥിരം സംവിധാനം നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണക്കെടുപ്പിന് നിരത്തുന്ന കാരണങ്ങൾ
ജനസംഖ്യാ വ്യതിയാനം എന്ന പ്രശ്നം രാജ്യത്തിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹികഘടനയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ, ഗോത്ര സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി കൂടി ബന്ധപ്പെട്ടതാണെന്നുമാണ് ഉത്തരവിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം. മത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ അസാധാരണ ജനസംഖ്യാ മാറ്റങ്ങളുടെ പാറ്റേൺ പഠിച്ച് സമയബന്ധിതവും ആസൂത്രിതവുമായ പരിഹാര മാർഗം........
