ഇറാന്: അവസാനിക്കാത്ത യു.എസ് ഉപജാപങ്ങള്‍
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കിട്ടാവുന്ന ഏറ്റവും യുദ്ധവെറിയനായ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. സമാധാനത്തിന്റെ നൊബേല്‍ സമ്മാനത്തിന് ഇരന്നുനടക്കുന്ന അദ്ദേഹം ഇതിനകം ഒഴുക്കിയ ചോരക്കും സൃഷ്ടിച്ച ആഗോള ദുരന്തങ്ങള്‍ക്കും കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വെനിസ്വേല ആക്രമിക്കുകയും അവിടത്തെ ഭരണത്തലവനെ തടവിലാക്കുകയും ചെയ്ത ശേഷം യുദ്ധമുഖം തിരിച്ചിരിക്കുന്നത് ഇറാനും സിറിയക്കും എതിരെയാണ്. യാതൊരു പ്രകോപനവുമില്ലാതെ, നീതീകരിക്കപ്പെടാവുന്ന നയതന്ത്രപരമായ പ്രതിസന്ധികളില്ലാതെ, ഏകപക്ഷീയമായ ശത്രുതയുടെ അടിസ്ഥാനത്തില്‍ അഴിച്ചുവിട്ട ആക്രമണമാണ് ഇറാനില്‍ പരോക്ഷമായും സിറിയയില്‍ പ്രത്യക്ഷമായും അമേരിക്ക നടത്തുന്നത്. മിഡില്‍ ഈസ്റ്റില്‍ ഒരുകാലത്തും സമാധാനം പുലരരുത് എന്ന സാമ്രാജ്യത്വ ദുഷ്ടലാക്കല്ലാതെ മറ്റൊന്നും ഈ പ്രകോപനത്തിന് പിന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അധിനിവേശത്തിന്റെയും എണ്ണരാഷ്ട്രീയത്തിന്റെയും സാമ്പത്തികയുക്തിയുടെ നിര്‍ലജ്ജമായ പ്രദര്‍ശനമാണ് നാമിപ്പോള്‍ അവിടെ കാണുന്നത്. ആണവശക്തിയുടെ പേരിലുള്ള ധാർമിക വാചാടോപം എത്രയോ കാലഹരണപ്പെട്ടതാണ്. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതും ആണവശേഷിയുടെ പേരിലായിരുന്നു.
അറബ് ലോകത്ത് സാമ്രാജ്യത്വം നടത്തിയിട്ടുള്ള ഉപജാപങ്ങള്‍ സമാന്തരങ്ങള്‍ ഇല്ലാത്തവയാണ്. ഇറാനിലെ സമീപകാല അമേരിക്കൻ ഇടപെടലുകള്‍ ആധിപത്യം, ഊർജം, സുരക്ഷ, പ്രത്യയശാസ്ത്രം തുടങ്ങിയ കൊളോണിയല്‍ താൽപര്യങ്ങളുടെ ഭാഗമായ സാമ്രാജ്യത്വഹിംസയുടെ നീണ്ട ചരിത്രത്തിന്റെ തുടർച്ചയാണ്. 1979ലെ ഇറാൻ വിപ്ലവത്തിനുശേഷം, അമേരിക്കയും ഇറാനും തമ്മിലെ ബന്ധം ശത്രുതാപരമായ ഒന്നായി മാറിയതിന് പിന്നീട് ഒരുകാലത്തും മാറ്റമുണ്ടായിട്ടില്ല. ഇറാനെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന സമീപനമാണ് അമേരിക്ക തുടര്‍ന്നുപോന്നിട്ടുള്ളത്. സമീപവർഷങ്ങളിൽ മാറിയത് ഇടപെടലിന്റെ യുക്തിയല്ല, മറിച്ച് അത് സ്വീകരിക്കുന്ന രൂപങ്ങളാണ്. ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ, പ്രധാനമായും ഉപരോധങ്ങൾ, രഹസ്യ പ്രവർത്തനങ്ങൾ, സൈബർ ആക്രമണങ്ങള്‍, സൈനിക സിഗ്നലിങ്, ജനാധിപത്യ-മനുഷ്യാവകാശ വ്യവഹാരങ്ങളിലൂടെയുള്ള അന്താരാഷ്ട്ര ഇടപെടലുകൾ എന്നിവയിലൂടെ നിരന്തരമായി അമേരിക്ക ചെയ്തുപോരുന്നുണ്ടായിരുന്നു.
ഇറാന്റെ സമ്പദ്വ്യവസ്ഥയിലും ദൈനംദിന ജീവിതത്തിലും രാഷ്ട്രീയശക്തിയിലും ആഴത്തിലുള്ള ഘടനാപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കേന്ദ്ര ഉപകരണമായി സാമ്പത്തിക ഉപരോധങ്ങൾ........
