'ഷക്കീര്‍ ആ വീട്ടുകാരെ വിറപ്പിച്ച് 900 രൂപ വാങ്ങിയെടുത്തശേഷം 50 അവന് കൂലി'- ഒരു ക്വട്ടേഷന്‍ അപാരത!
AI Generated Image
ഉച്ചക്ക് 12.20ന് പെരുമണ്ണയിലെ ഉസ്മാന്റെ വീടിന്റെ മൂന്നില്‍ ഒരു വാന്‍ വന്നുനിന്നു. വാനില്‍നിന്ന് ചന്ദ്രേട്ടന്‍ പുറത്തേക്കിറങ്ങി. ചന്ദ്രേട്ടന്റെ അളിയന്റെ അമ്മ ഒരു കമ്പുമെടുത്ത് 'കല്യാണചെക്കനായ നീ ഇത്രനേരം എവിടെപ്പോയിക്കിടക്കായിരുന്നെടാ' എന്നും ചോദിച്ചുകൊണ്ട് അവര്‍ കുട്ടികളെ വടികൊണ്ടു തല്ലുന്നതുപോലെ ചന്ദ്രേട്ടനെ തല്ലാനോങ്ങി.
ആരോ ഓടിവന്ന് അവരുടെ കൈയ്യില്‍ നിന്നും കമ്പുപിടിച്ചുമാറ്റി അവരെ തടഞ്ഞുനിര്‍ത്തി. ചന്ദ്രേട്ടന്‍ ഓടിച്ചെന്ന് മേല്‍ കഴുകി വിവാഹവസ്ത്രങ്ങള്‍ ധരിച്ച് റെഡിയായി വന്നപ്പോള്‍ കാത്തിരുന്ന ഞങ്ങള്‍ എല്ലാവരുംകൂടി വാനില്‍ കയറി. ആ സമയത്ത് എനിക്ക് ചന്ദ്രേട്ടനോട് വല്ലാതെ ദേഷ്യം തോന്നി.
ഞാനതു പുറത്തുകാണിക്കാതെ നൈസായി കാര്യങ്ങള്‍ അന്വേഷിച്ചു. വാനിന് കൊടുക്കാനുള്ള വാടക പണം കൈയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് ഇന്‍സ്റ്റാള്‍മെന്റായി തുണികൊടുത്തിരുന്ന വീടുകളില്‍ പിരിവെടുക്കാന്‍ പോയി. വാനിന്റെ വാടക പണം തികഞ്ഞപ്പോള്‍ വാടകയ്ക്ക് വാന്‍ പിടിച്ച് വന്നതാണ് എന്നുപറഞ്ഞു.
അന്നും ഇന്നും വിവാഹം നടക്കുന്നതിന്റെ അല്‍പസമയത്തിനുമുമ്പുവരെ പണത്തിനായി ഓടിനടക്കുന്നവര്‍ ഒരുപാടു പേരുണ്ട്. ചില പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ പണം ഇല്ലെങ്കിലും സപ്പോര്‍ട്ടിനായി ഒരുപാടു പേരുണ്ടാകും. പക്ഷെ, ചന്ദ്രേട്ടനെപ്പോലെ കുറച്ച് ആള്‍ക്കാര്‍ക്ക് ഒന്നിനും ഒരാളെയും കിട്ടുകയില്ല.
ചന്ദ്രേട്ടന്‍ വര്‍ഷങ്ങളായി കോഴിക്കോടാണ് താമസം. അതുകൊണ്ട് നാട്ടുകാരും ബന്ധുക്കളുമൊക്കെയായുള്ള ബന്ധം ഇല്ലാതായിട്ടുണ്ടാകാം. കോഴിക്കോട്ടാണെങ്കില്‍ ചന്ദ്രേട്ടന് പെരുമണ്ണയിലെ ഉസ്മാന്റെ കുടുംബവുമായി മാത്രമെ ബന്ധമുണ്ടായിരുന്നുള്ളൂ.
പിന്നെ ചന്ദ്രേട്ടന്റെ വേണ്ടപ്പെട്ടയാള്‍ ഞാനാണ്. പതിനാറ് വയസ്സുള്ള എനിക്ക് എന്ത് സഹായം ചെയ്യാന്‍ കഴിയും?
ചന്ദ്രേട്ടനെ ഓര്‍ത്ത് എനിക്ക് സങ്കടം തോന്നി. അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പാലാഴി കുന്നിലേക്ക് ചെന്നെത്തി. ചെക്കന്‍ വൈകി എത്തിയതിന് പെണ്ണുവീട്ടുകാര്‍ക്ക് ചെറിയ കലിപ്പ് ഉണ്ടായിരുന്നുവെങ്കിലും അവര്‍ അത് പുറമെ പ്രകടിപ്പിച്ചില്ല.
അങ്ങനെ ചന്ദ്രേട്ടന്റെ കല്യാണം നിശ്ചയിച്ചദിവസവും തെറ്റി മുഹൂര്‍ത്തവും തെറ്റി, തുളസിചേച്ചിയുടെ കഴുത്തില്‍ ചന്ദ്രേട്ടന്‍ താലിമാല ചാര്‍ത്തി. കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പെണ്ണിനെ കൊണ്ടുപോകണമല്ലോ. അതാണല്ലോ നാട്ടുനടപ്പ്, അന്നത്തെ രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ചന്ദ്രേട്ടനും അവരുടെ അളിയന്റെ കുടുംബവും തുളസിച്ചേച്ചിയും തുളസിചേച്ചിയുടെ കുഞ്ഞേട്ടന്‍ ജയരാജനും കന്യാകുമാരിയിലേക്കു പുറപ്പെട്ടു.
ചന്ദ്രേട്ടന്‍ ലോഡ്ജിലേക്ക് മൂന്നുമാസത്തെ വാടക ബാക്കി തൊള്ളായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. തുളസിചേച്ചിയുടെ വലിയേട്ടന്‍ കല്യാണചെക്കന്‍ ചന്ദ്രേട്ടനെ കാണാതായപ്പോള്‍ ലോഡ്ജില്‍ വന്ന് കോയക്കായോട് കാര്യങ്ങളൊക്കെ വിശദമാക്കിയിരുന്നു. അതുകൊണ്ടുതന്നെചന്ദ്രേട്ടനോടുള്ള വിശ്വാസം കോയക്കാക്ക് നഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ചന്ദ്രേട്ടന്‍ ലോഡ്ജിലേക്ക് വന്നില്ല. ചന്ദ്രേട്ടന്റെ പിന്നീടുള്ള വിശേഷങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല. ഒരു ദിവസം കോയക്കാ എന്നെ വിളിച്ചു.
'ചന്ദ്രന്‍ കല്യാണം കഴിച്ച പെണ്ണിന്റെ വീട് നിനക്കറിയാമല്ലോ.' ഞാന്‍ അറിയാമെന്നു തലയാട്ടി. ലോഡ്ജിന്റെ ഓഫീസ് മുറിക്കടുത്ത് ഷക്കീര്‍ എന്ന് പേരുള്ള ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു.
''ഒന്നുങ്കില്‍ നീ ഈ ഷക്കീറിനെ ആ പെണ്ണിന്റെ വീട് കാണിച്ചുകൊടുക്കണം. അല്ലെങ്കില്‍ റൂമിന്റെ വാടക തൊള്ളായിരം രൂപ നീ തരേണ്ടിവരും.'' കോയാക്കാ കടുപ്പിച്ച് പറഞ്ഞു. ഞാന്‍ പെണ്ണിന്റെ വീട് കാണിച്ചുതരാം എന്ന് കോയക്കായോട് പറഞ്ഞു.
'ഷക്കീറെ ആ ചന്ദ്രന്‍ ഒരു പെണ്ണിന്റെ വിവാഹം മുടക്കിയവനാണ്. അതുകൊണ്ട് അവന്റെ കരണത്ത് രണ്ടെണ്ണം കൊടുത്താലും തരക്കേടില്ല. എനിക്കെന്റെ പണം കിട്ടണം.'' കോയക്കാ ഷക്കീറിനോട് കല്‍പിച്ചു.
അവന്റെ കൈയ്യില്‍ പണമില്ലെങ്കില്‍ പെണ്ണിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി തന്റെ വാടകപ്പണം വാങ്ങിച്ചുകൊണ്ടുതരണം എന്നുകൂടി കോയക്കാ പറഞ്ഞത് കേട്ടപാടെ, ഷക്കീര്‍ പല്ലുകടിച്ചുകൊണ്ട് ആക്രോശത്തോടെ പറഞ്ഞു. ''ഞാന്‍ ആ ചന്ദ്രനെയും അവന്റെ ഭാര്യവീട്ടുകാരെയും വിറപ്പിച്ച് പണവും വാങ്ങി വരാം.'' തന്നെ ഒരു റൗഡിയായി കോയക്കാ അംഗീകരിച്ചതിന്റെ കോപ്രായങ്ങള്‍ ഷക്കീര്‍ മുഖം കൊണ്ടും ശരീരം കൊണ്ടും കാണിച്ചപ്പോള്‍ എനിക്ക് പേടിയായി.
കോയക്കാ എനിക്ക് ഒരു അമ്പതുരൂപായുടെ നോട്ടും ഒരു പത്തുരൂപായുടെ നോട്ടും തന്നിട്ടു പറഞ്ഞു: 'ഷക്കീര്‍ ആ വീട്ടുകാരെ വിറപ്പിച്ച് വാടകപണം കൈപ്പറ്റിയതിനുശേഷം തൊള്ളായിരം രൂപ നിന്റെ കൈയ്യില്‍ത്തരും. അതിനുശേഷം ഈ അമ്പതുരൂപ ഷക്കീറിന് കൊടുത്തേക്കണം. ബാക്കി വരുന്ന പത്തുരൂപ ബസ്സ് ചെലവിന് വെച്ചോ.''കോയക്കാ തന്ന പണം വാങ്ങി ഞാന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചു. ഞാന്‍ ഷക്കീറിനയും കൂട്ടി........
© Mathrubhumi
