രാജന്‍ പിള്ളയുടെ ദാരുണ മരണത്തിന് 30 വര്‍ഷം; കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രര്‍, നീതി കാത്ത് ഭാര്യ
1.നീന പിള്ള 2.നീന പിള്ളയും രാജൻപിള്ളയും (മാതൃഭൂമി ഫയൽ ചിത്രം)
അതൊരു വെള്ളിയാഴ്ചയായിരുന്നു. തിഹാര്‍ ജയിലിന്‍റെ ഇരുട്ടറകളില്‍നിന്ന് ഒരു മനുഷ്യന്‍ ജീവന് വേണ്ടി അലറിക്കരഞ്ഞ ദിനം. 1995 ജൂലായ് ഏഴിനാണ് ഇന്ത്യയെ ഞെട്ടിച്ച ആ സംഭവമുണ്ടായത്. ലോകത്തെ ബിസിനസ് പ്രമുഖരുടെ പട്ടികയില്‍ മുന്‍നിരക്കാരനായ മലയാളിവ്യവസായി രാജന്‍പിള്ള തിഹാര്‍ ജയിലില്‍ തടവിലിരിക്കെ മരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരന്‍ എന്ന പെരുമ ഏറ്റുവാങ്ങിയ അദ്ദേഹം ആ രാത്രിയോടെ ഒരു ഓര്‍മ മാത്രമായി. ആ ജീവന്‍ എങ്ങനെ അപകടത്തിലായെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കുന്നു. നിഗൂഢമായ ആ മരണത്തിന് 2025 ജൂലായ് ഏഴിന് മുപ്പതുവര്‍ഷമാവുമ്പോഴും ഉള്ളില്‍ കണ്ണീര്‍ നിറയുന്ന ഓര്‍മകളുമായി ഒരാള്‍ ഡല്‍ഹിയിലുണ്ട്. അന്ന് രാത്രിയിലെ കട്ടപിടിച്ച ഇരുട്ടില്‍ ജയിലറയ്ക്ക് അകത്ത് തന്‍റെ പ്രിയപ്പെട്ടയാള്‍ ജീവന് വേണ്ടി പിടയ്ക്കുന്നത് കണ്ട നീനാപിള്ള. സ്വന്തം പ്രാണനായി കരുതിയ ആളെ ചിലര്‍ ഇല്ലാതാക്കുന്നത് നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വന്ന ഭാര്യ.
'ജൂലായ് മാസം എത്തുമ്പോള്‍ എനിക്കതെല്ലാം ഓര്‍മ വരും. ചെറിയൊരു വാതില്‍ക്കുഴലിലൂടെയാണ് ഞാനാ കാഴ്ച കാണുന്നത്. സിമന്‍റ് തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ് രാജന്‍. അത് ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരത്തിലാകെ ഒരു വിറ പടരും. ഏതോ ആഴമുള്ളൊരു കുഴിയിലേക്ക് ഞാന്‍ വീണുപോവുന്നതുപോലെ തോന്നും. അന്നുണ്ടായ ആഘാതം എനിക്കിപ്പോഴും മാറിയിട്ടില്ല. അദ്ദേഹത്തിനാവട്ടെ ഇനിയും നീതി കിട്ടിയിട്ടുമില്ല. അതുകൊണ്ട് എന്‍റെ പോരാട്ടം അനന്തമായി തുടരുകയാണ്...'ഡല്‍ഹിയിലെ വസതിയിലിരുന്ന് നീനാപിള്ള ഓര്‍മിച്ചു. നീതി തേടിയുള്ള അവരുടെ പോരാട്ടത്തിനും ഇപ്പോള്‍ മുപ്പതുവയസ്സാവുകയാണ്.
'ഈയൊരു കേസിന് പിന്നാലെ ഓടി ഞാന്‍ സാമ്പത്തികമായി ആകെ തകര്‍ന്നിരുന്നു. ആ തുകയുണ്ടെങ്കില്‍ എത്രയോ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വീടില്ലാത്തവര്‍ക്ക് അതുണ്ടാക്കാന്‍ സഹായിക്കാനുമെല്ലാം കഴിഞ്ഞേനെ. പക്ഷേ എന്‍റെ ഭര്‍ത്താവ് നേരിട്ട അനീതിയെ എനിക്ക് മറക്കാന്‍ പറ്റില്ല. അദ്ദേഹത്തെ ഇരയാക്കിയവരോട് പൊറുക്കാനുമാവില്ല. 'നീന പറയുന്നു.
ഇന്ത്യയില്‍ വ്യവസായരംഗത്ത് ഹരിശ്രീ കുറിച്ച രാജന്‍പിള്ള വിദേശത്തേക്ക് ചേക്കേറിയതോടെയാണ് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാവുന്നത്. സിംഗപ്പുരിലും ലണ്ടനിലുമായി നിരവധി സംരംഭങ്ങളിലൂടെ അദ്ദേഹം കോടീശ്വര പദവിയിലെത്തി. ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ നടത്തിപ്പുകാരനായ അദ്ദേഹത്തെ ആരാധകര്‍ ബിസ്‌കറ്റ് രാജാവ് എന്ന പേരിലാണ് വിളിച്ചിരുന്നത്. രാവിലെ സിംഗപ്പൂരില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന രാജന്‍പിള്ള ഡല്‍ഹിയില്‍വന്ന് ഉച്ച ഭക്ഷണം കഴിക്കുമെന്നും രാത്രി ലണ്ടനില്‍ ഉറങ്ങുമെന്നുമൊക്കെയായിരുന്നു അന്നത്തെ അതിശയിപ്പിക്കുന്ന വാര്‍ത്തകള്‍. അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ എതിരാളികള്‍ അസൂയപ്പെട്ടു. ആയിടയ്ക്ക് സിംഗപ്പൂരിലുണ്ടായ ഒരു കേസിനെത്തുടര്‍ന്ന് രാജന്‍പിള്ള മാതൃരാജ്യത്തിലേക്ക് അഭയം തേടിയെത്തി. പക്ഷേ ഡല്‍ഹിയില്‍ വിമാനമിറങ്ങിയതും അദ്ദേഹം അറസ്റ്റിലായി. തുടര്‍ന്ന് തിഹാര്‍ ജയില്‍വാസം. മൂന്നാംദിവസം ജയിലിലെ ഇരുട്ടറയില്‍ അന്ത്യം. അന്ന് മുതല്‍ നീനാപിള്ള പൊരുതുകയാണ്. തന്‍റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ എതിരാളികള്‍ക്കെതിരെ,അദ്ദേഹത്തിന് നീതി നിഷേധിച്ച സംവിധാനങ്ങള്‍ക്കെതിരെ. ഏകാന്തമായ ആ പോരാട്ടത്തിനിടയില്‍ ഏറെ സങ്കടക്കടലുകള്‍ അവര്‍ നീന്തി കടന്നിട്ടുണ്ട്. പ്രതിസന്ധികളില്‍ വീണുപോവാതെ, ഈ മൂന്നുപതിറ്റാണ്ട് മുന്നോട്ടുപോയ അനുഭവങ്ങളാണ് ഈ സംസാരത്തില്‍ നിറയുന്നത്.
രാജന്‍ പിള്ളയുടെ ദാരുണമായ മരണത്തിന് മുപ്പത് വര്‍ഷം തികയുന്നു. ഇപ്പോഴും അദ്ദേഹത്തിന് നീതി കിട്ടിയില്ലെന്ന് തോന്നുന്നുണ്ടല്ലേ...?
നീതി വൈകുന്നത് നീതി നിഷേധിക്കപ്പെട്ടതിന് തുല്യമാണെന്ന് ഒരു ചൊല്ലുണ്ട്. രാജന്‍ പിള്ളയുടെ കൊലപാതകത്തെയും അതിനു പിന്നിലെ ഗൂഢാലോചനയെയും കുറിച്ചുള്ള ഒരു നിഗമനത്തിലെത്താന്‍ 30 വര്‍ഷത്തെ കാലതാമസം എടുത്തത് ഒരു ദുരന്തമാണെന്നാണ് എനിക്ക് തോന്നുന്നത്. രാജന്‍ മരിച്ച് ഒരാഴ്ചക്ക് ശേഷം ബ്രിട്ടീഷ് മാഗസിന്‍ ആയ ദി 'സ്‌പെക്ടെറ്റ'റില്‍ അവിടുത്തെ രാജ്ഞിയുടെ അഭിഭാഷകനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ അലന്‍ ജോണ്‍സ് എഴുതി. 'രാജന്‍ പിള്ളയെ ആരാണ് കൊന്നത്? കേരളത്തില്‍ നിന്നു വന്ന ഏറെ ദയാലുവും സൗമ്യനുമായ രാജനെപ്പോലെ ഒരു വ്യക്തിക്ക് തിഹാര്‍ ജയിലില്‍ അപമാനകരമായ ഒരു മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഇതൊരു ദുരന്തമാണ്....'അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും രാജന്‍റെ ബിസിനസ്സ് എതിരാളികള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്നുണ്ട്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ രാജനെ പരാജയപ്പെടുത്തി എന്ന് കരുതുന്നുണ്ടോ?
ഇവിടുത്തെ കോടതികള്‍ പലതവണ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഈ നീണ്ട വിചാരണയില്‍ അവ എന്നെ പരാജയപ്പെടുത്തി. സുപ്രീം കോടതിയില്‍ നിന്ന് രാജന്‍റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് വിധി ലഭിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചതാണ്. അതുവരെ മജിസ്ട്രേറ്റുകള്‍ അന്വേഷണത്തിന് ഉത്തരവിട്ട കേസുകളില്‍ നിന്നും വ്യത്യസ്തമായി, പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്‍റെ കൊലയാളികളെ വേട്ടയാടിയ അതേ സിബിഐ സംഘം തന്നെ രാജന്‍റെ മരണവും അന്വേഷിക്കുമെന്ന് അറിഞ്ഞപ്പോള്‍ സത്യം തെളിയുമെന്ന് വിശ്വസിച്ചു. അവര്‍ മികച്ച ടീമായിരുന്നു, ആദ്യ വര്‍ഷം എല്ലാം ഭംഗിയായി നടന്നു.
പിന്നെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സിബിഐയെ കീഴടക്കി, കാലതാമസം കാരണം അവരും നിസ്സഹായരായി. സമയം കടന്നുപോയി, പല സാക്ഷികളും രാജനെ അറിയില്ലെന്ന് നടിച്ചു, ചിലര്‍ക്ക് ഓര്‍മകളില്ലാതായി. ചിലര്‍ മരിച്ചു. അങ്ങനെ കേസിലെ തെളിവുകള്‍ ഓരോന്നായി ഇല്ലാതാവുന്നു. നീതിയിലെ ഈ കാലതാമസം എല്ലാ കേസുകളിലും കോടതികള്‍ പരിഗണിക്കേണ്ടതുണ്ട്.
പക്ഷേ, ഒരു കാര്യം അറിയാമോ? രാജന്‍റെ കാര്യത്തില്‍ എല്ലാം ഇന്നലെ സംഭവിച്ചതുപോലെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതിനാല്‍, പരാതിക്കാരി എന്ന നിലയില്‍ എനിക്ക് സ്വന്തമായി ക്രോസ് വിസ്താരം നടത്താം. ആ രീതിയില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ രാജന് നീതി ലഭിക്കും. ഇനിയെങ്കിലും അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ആഗ്രഹിക്കാനേ കഴിയൂ. ഭാവിയില്‍, കോടതികളില്‍ ഡിജിറ്റൈസേഷന്‍പോലുള്ള കാര്യങ്ങളെല്ലാം നടന്നാല്‍ എനിക്കും നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
രാജന്‍റെ അറസ്റ്റിനെക്കുറിച്ച് ആദ്യം അറിഞ്ഞ നിമിഷം. വൈകാരികമായും മാനസികമായും അപ്പോള്‍ അനുഭവിച്ച സംഘര്‍ഷം. അന്ന് എന്താണ് സംഭവിച്ചത്?
ഞാന്‍ ബാങ്കോക്കില്‍ നിന്ന് നാട്ടിലേക്ക് തിരികെ വരുന്ന ദിവസമാണ് രാജന്‍ അറസ്റ്റിലാവുന്നത്. ഞങ്ങള്‍ ഏറ്റെടുത്ത തായ് അഗ്രി കമ്പനിക്ക് വേണ്ടിയുള്ള ചില ജോലികള്‍ പൂര്‍ത്തിയാക്കാനും സിംഗപ്പൂരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നാട്ടിലെത്തിക്കാനുമായി അദ്ദേഹം എന്നെയും കുടുംബത്തെയും അയച്ചതായിരുന്നു. അങ്ങനെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹം അറസ്റ്റിലായെന്ന വാര്‍ത്തയാണ് അറിയുന്നത്. അപ്പോള്‍ ഞാന്‍ നേരെ ജയിലിലേക്കാണ് പോയത്. പാതി അടച്ച വാതിലിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം എനിക്ക് നേരെ കൈവീശി. അപ്പോഴേക്കും ആ വാതില്‍ അടച്ചുകളഞ്ഞു.
എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. പക്ഷേ അത് എന്‍റെ ജീവിതത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ദിവസമായിരുന്നു. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ പ്രിയപ്പെട്ടവന്‍ ജയിലില്‍. എത്രയോ വലിയ ചുറ്റുപാടില്‍ ജീവിച്ചയാള്‍ ഇതാ അഴിക്കുള്ളില്‍. അന്ന് ആ ജയിലിനുള്ളില്‍ നല്ല ചൂടായിരുന്നു. വെറും സിമന്‍റ് തറയില്‍ അതും സഹിച്ച് നില്‍ക്കുകയാണ് അദ്ദേഹം. അന്ന് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനുമുമ്പ് ഞങ്ങള്‍ പരസ്പരം കണ്ടു. അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ അതുവരെ കാണാത്തൊരു പേടിയുണ്ടായിരുന്നു. ഞാന്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്താണിങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ എന്നെ തകര്‍ത്തുകളയുകയായിരുന്നു. അന്ന് കോടതിയില്‍ കയറിനിന്ന് ഞാനിതെല്ലാം വിളിച്ചു പറഞ്ഞു. പക്ഷേ ആരും എന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തില്ല. എല്ലാവരും എന്‍റെ സംസാരം നിയന്ത്രിക്കുകയായിരുന്നു.
20 വര്‍ഷത്തോളം വിദേശത്ത് മനോഹരമായി ജീവിച്ചവരാണ് ഞങ്ങള്‍. എന്നിട്ടോ,സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാത്തിരുന്നത് ജയിലഴി. എന്നാലും ഇന്ത്യ ഞങ്ങളുടെ മാതൃരാജ്യമല്ലേ. വൈകിയാലും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. കള്ളങ്ങള്‍ പൊളിയുന്ന നേരം വരുമെന്ന് ചിന്തിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരമാവധി പരിശ്രമിച്ചു. പക്ഷേ...
പിന്നെ നിങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലേ?
ജൂലായ് ഏഴ്. ആ ദിവസം എനിക്ക് മറക്കാനാവില്ല.അന്ന് ഉച്ചകഴിഞ്ഞ് ഞാന്‍ എന്‍റെ സഹോദരനെയും കൂട്ടി തിഹാര്‍ ജയിലിലേക്ക് പോയി. ജയില്‍ ഗേറ്റില്‍ പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അകത്തേക്ക് കടത്തി വിടാന്‍ രണ്ട് മണിക്കൂറോളം അവരുടെ ദയ കാത്തുനില്‍ക്കേണ്ടി വന്നു. അവര്‍ എന്നെ ജയിലിന്‍റെ ഗേറ്റിലേക്ക് കയറാന്‍ അനുവദിച്ചു. അവിടുത്തെ വാതിലിന്‍റെ ചെറിയ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ രാജന്‍ ഒരു കോണ്‍ക്രീറ്റ് ബെഞ്ചില്‍ കിടക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് നല്ല പനിയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് മനസ്സിലായി. ശ്വാസമെടുക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. നെഞ്ച് മുകളിലേക്കും താഴേക്കും കഷ്ടപ്പെട്ട് വലിഞ്ഞ് മുറുകുന്നു. വയര്‍ വീര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ തലയുടെ ഭാഗത്ത് എന്തോ വെച്ചിരിക്കുന്നത് കണ്ടു. പിന്നീട് ലീലാസേത്ത് കമ്മീഷന്റെ (രാജന്‍പിള്ളയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍) കണ്ടെത്തല്‍ അത് ചൂടുവെള്ളമായിരുന്നുവെന്നാണ്. അദ്ദേഹത്തിന്‍റെ പനി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.
അന്ന് രാജന് ഡയസ്പാം കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. ഒരു കരള്‍ രോഗിക്ക് ഈയൊരു ഇഞ്ചക്ഷന്‍ നല്‍കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ കൊല്ലാന്‍ നടന്ന ഗൂഢാലോചനയാണ്. ഇതെല്ലാം എന്‍റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടതാണ്.
അവര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചില്ലേ?
അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിലേക്ക് രക്തം ഒഴുകിയെത്തുന്നതുവരെ അവര്‍ കാത്തിരുന്നു. അദ്ദേഹത്തെ അവിടെ പിടിച്ചുകിടത്തി. ഇതുകണ്ട് അവശയായ എന്‍റെ നിലവിളിയും അലര്‍ച്ചയും........
© Mathrubhumi
