മത്സ്യമാംസാദികൾ കയറ്റരുതെന്ന്, പച്ചച്ചോറും അമരയ്ക്കാത്തോരനും തീറ്റിച്ചേ അടങ്ങു, ഇടി കൊടുക്കാൻ തോന്നി
ഷീജ വക്കം
അന്ന് നാലാം ക്ലാസ്സിലാണ്. സ്ക്കൂൾ വിട്ടു വന്നപ്പോൾ കൂടെയുള്ള ഇരട്ടക്കുട്ടിയ്ക്ക് പനിയുണ്ട്. ഞങ്ങൾ ഒരു ക്ലാസ്സിലാണ് പഠിക്കുന്നത്. പനി മാത്രമല്ല, പനിയ്ക്കൊപ്പം തന്നെ മുഖത്തും കയ്യിലും ചെറിയ മുത്തുമണി പോലുള്ള കുരുക്കൾ കൂടി പൊങ്ങിയിട്ടുണ്ട്. കുറച്ചുനേരം കൊണ്ടു തന്നെ സംശയം യാഥാർത്ഥ്യഭാവം കൈക്കൊണ്ടു. സംഭവം ചിക്കൻപോക്സാണ്. പകരും.. വീടിനു പുറത്തായി അന്നൊരു മുറിയുണ്ടായിരുന്നു. പത്താം ക്ലാസ്സിലായിരുന്ന അണ്ണന് മറ്റ് ശല്യങ്ങളില്ലാതെ ഇരുന്നു പഠിക്കാനൊരിടം ആയിരുന്നു അത്. ആ മുറി ദ്രുതഗതിയിൽ മാറ്റി സജ്ജീകരിക്കപ്പെട്ടു. കട്ടിലും കിടക്കയും രോഗിണിയും ആ മുറിയിലേയ്ക്കു മാറി. മുന്നേ ഈ രോഗം വന്നുപോയതു സഹായത്തിനുണ്ടായിരുന്ന ചന്ദ്രിച്ചേച്ചിയ്ക്കു മാത്രമാണ്. ചേച്ചി അവളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. മറ്റാർക്കും അവരുടെയടുത്ത് പോവാൻ പാടില്ല.
പറഞ്ഞുകേട്ട മാതിരി ശരീരമാസകലം കുരു പൊങ്ങുന്ന രോഗമൊന്നും വന്നിട്ടില്ല. വളരെ ചെറിയ രോഗലക്ഷണങ്ങളേയുള്ളൂ. എന്നാലും അവൾക്ക് സ്ക്കൂളിൽ പോവണ്ട. പുതിയ ലക്കം പൂമ്പാറ്റ പത്രക്കാരൻ മുറ്റത്തേയ്ക്കെറിഞ്ഞു. താഴെ വീഴും മുമ്പ് അത് അങ്ങോട്ട് പറന്നുപോയി. അത് തിരിച്ചിങ്ങോട്ട് പാറുകയില്ല. പഴയ ബാലരമക്കെട്ടുകൾ, ഫലമൂലാദികൾ, അപകടമില്ലാത്ത ബേക്കറി ഐറ്റംസ് എല്ലാം അങ്ങോട്ടേയ്ക്കു സഞ്ചരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു സമാന്തര സുഖവാസകേന്ദ്രം നമുക്കപ്രാപ്യമായി പ്രവർത്തിക്കുന്നു. അതിനുള്ളിൽ എഴുതേം പഠിക്കേം വേണ്ടാതെ, ഹോംവർക്കും, ടെസ്റ്റ് പേപ്പറും ഇല്ലാതെ അവൾ ആപ്പിളും തിന്ന് ബാലരമ വായിച്ചിരിക്കുന്നു... 'ബാലികേറാമല'യുടെ കഥ കേട്ടിട്ടുണ്ട്. പണ്ട് ദുന്ദുഭി പോത്തിന്റെ രൂപത്തിൽ കിഷ്കിന്ധയിൽച്ചെന്ന് ബാലിയെ പോരിനു വിളിച്ചു. ബാലിയോടാ കളി. കൊമ്പും ഒടിച്ച് തലയും ചവിട്ടിപ്പിഴുത് ഒരൊറ്റയേറു വെച്ചുകൊടുത്തു. തല വീണത് മതംഗാശ്രമത്തിൽ. ഇനി ഋശ്യമൂകാചലത്തിന്റെ ഏരിയയിലെങ്ങാനും കണ്ടാൽ തല പൊട്ടിത്തെറിക്കുമെന്നു ശാപവും കിട്ടി. അങ്ങനെ ഋശ്യമൂകാചലം ബാലികേറാമലയായി.
' ഞാനുമതു കൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതി കൂടാതെ നിരന്തരം '' എന്നാണല്ലോ ബാലിയെപ്പേടിച്ചോടിയ സുഗ്രീവൻ പറഞ്ഞത്.
കഥയിലെപ്പോലെ ബാലികേറാമല തന്നെയായി മാറിയിരുന്നു ആ പ്രദേശം. അദൃശ്യമായ ഒരു വിലക്ക് അതിനെ ഒരുപരിധിവരെ അക്രമിയായ എന്റെ ശല്യമില്ലാതെ പരിരക്ഷിച്ചു നിർത്തി. അറ്റത്തു റബ്ബർ ബാൻഡുള്ള ഒരു ചൂരൽ വീട്ടിലുണ്ട്. മിക്കവാറും ഭീഷണികൾക്കൊപ്പം വെറുതെ ചുഴറ്റാനുള്ളതാണ്. എങ്കിലും, അപൂർവ്വാവസരങ്ങളിൽ അത് ജീവിത ലക്ഷ്യം സാക്ഷാത്കരിച്ചിട്ടുണ്ട്. രുചിയറിയാം. ഇതൊരടിയന്തിരഘട്ടമാണ്. ചട്ടലംഘനം നടത്തി കണങ്കാലിൽ ആ അടയാളം പതിയിക്കാൻ ഞാനാഗ്രഹിച്ചില്ല. അടുത്ത വീട്ടിൽ നിന്ന് വേപ്പുമരത്തിന്റെ ഉച്ചിക്കമ്പടക്കം ഒടിച്ച് സ്ഥലത്തെത്തിച്ചിരുന്നു. അരികുകൾ പാറ്റ വെട്ടിയ പോലുള്ള ആ ഇലകൾ കാണാൻ എന്തു ഭംഗിയാണ്. തണ്ടു മുഴുവനിറുത്ത് ഇലകൾ കട്ടിലിൽ കനത്തിൽ വിതറിയിട്ടിട്ടുണ്ട്. ഹാ! അനവദ്യമാണ് ആ ഹരിതകൗതുകശയ്യ! അതിലാണ് അരുമപ്പെൺകൊടി കിടക്കുന്നത്! ഇതൊക്കെയെങ്ങനെ സഹിക്കും! അസൂയ ഒരു ചെറിയവികാരമല്ല.
ഭിക്ഷയ്ക്കു വരാറുള്ള ഒരു തമിഴത്തിയമ്മയുണ്ടായിരുന്നു. ആ ഭാഗത്തെ എല്ലാ വീടുകളിലും കയറും. പച്ചത്തുള്ളൻ ചാടുമ്പോലെ ആവശ്യങ്ങളിൽ നിന്നാവശ്യങ്ങളിലേയ്ക്ക് പറന്നു ചാടുന്ന ഒരമ്മ. ആദ്യം വെള്ളം ചോദിക്കും. ഗ്ലാസു വാങ്ങിക്കയ്യിൽ വെച്ചിട്ട് വിശക്കുന്നെന്നു പറയും. ഭക്ഷണം കഴിഞ്ഞാൽ പഴയ സാരി വേണം. അതും കിട്ടിയാൽ പൈസ, അരി, പച്ചക്കറി... കൊല്ലത്തിലൊരിക്കലേ വരൂ. ഒറ്റത്തവണ തീർപ്പാക്കലാണ്. വന്നാൽ ഇതെല്ലാം കൊണ്ടേ പോവൂ. ഇത്തവണ വന്ന സമയം ശരിയല്ല. ഇവിടെ നിക്കല്ലേ വസൂരി പകരുമെന്ന് അമ്മ പറയുമ്പോൾ ഞാൻ അവരുടെ ഭാവഭേദം കാണാൻ ആകാംക്ഷയോടെ നോക്കിനിന്നു. ഇപ്പപ്പേടിച്ചോടും! എന്നു മനസ്സിൽ ഊറിച്ചിരിച്ചു. പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. ഓടുമെന്ന് വിചാരിച്ച കാലുകൾ നിലത്തു കുഴിച്ചിട്ട പോലെ ഒറ്റനിൽപ്പാണ്. കണ്ണുകളടച്ച് ധ്യാനനിമഗ്നയായി നിൽക്കുന്നു. പിന്നെ രണ്ടു കൈയും കൂപ്പി മാരിയമ്മാ മാരിയമ്മാ എന്നുച്ചത്തിൽ രണ്ടു വിളി. ഒരു ദണ്ഡനമസ്കാരം. ഇതെന്തു കഥ!
അമ്മവിളയാട്ടമാണു പോലും. അവളെ ഏതോ ഭഗവതി നേരിട്ടു വന്നനുഗ്രഹിച്ചിരിക്കുന്നതായി സങ്കൽപ്പം. ദേവി സ്ഥലത്തുള്ളതുകൊണ്ട് ശുദ്ധവും വൃത്തിയും വേണം പോലും. പറഞ്ഞ് പറഞ്ഞ് അപകടമേഖലയിലേയ്ക്കാണല്ലോ. മത്സ്യമാംസാദികൾ വീട്ടിൽക്കയറ്റരുതെന്ന്. ഒരിടി വെച്ചുകൊടുക്കാൻ തോന്നി. പച്ചച്ചോറും അമരയ്ക്കാത്തോരനും തീറ്റിച്ചേ അടങ്ങു. എന്നാലും സിസ്റ്റർടെയൊരു യോഗം ! അങ്ങുമിങ്ങും നാലഞ്ച് കുമിള വന്നാലെന്താ, ബേക്കറി, ബാലരമ, വിശ്രമം. പോരാത്തതിനിപ്പം ദേവീകടാക്ഷവും! മാരിയമ്മ, മാരിയുടെ അതായത് മഴയുടെ അമ്മയാണ് പോലും. മഴയെ വാരിയെടുത്തുമ്മ വെക്കുമായിരിക്കും. മഴയുടെ മാത്രമല്ല. വസൂരിയുടെയും ദേവതയാണത്രേ. അമ്മൻകൊടയ്ക്ക് വേപ്പിലക്കെട്ടും കയ്യിൽപ്പിടിച്ച് സ്ത്രീകൾ തുള്ളിയുറയുന്നത് പിന്നെപ്പൊഴൊക്കെയോ തമിഴ് സിനിമകളിൽക്കണ്ടു.
ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും, വേരിസെല്ലാ വൈറസിനില്ലാത്ത ചാരുതയാണ് മാരിയമ്മയ്ക്ക് എന്ന് തോന്നും. ലോകത്തെ നിർദ്ദോഷമായി നിറം പിടിപ്പിക്കുന്ന ഭാവനകളില്ലെങ്കിൽ എത്ര വരണ്ടതാവും ഭൂമിവാസം. യുക്തിയോടൊപ്പം കൽപ്പനയുടെ ഐസ്ക്യൂബുകൾ കൂടി കലർന്നതാണെന്റെ ദാഹത്തിനു പ്രിയപാനീയം. ജീവിതത്തിലായാലും, കവിതയിലായാലും അതു കൂടി ചേരുമ്പോഴാണ് ലോകം........
© Mathrubhumi
