'എന്റെ ഫ്ലാറ്റിലേക്ക് വരണം, ഭക്ഷണമൊക്കെ കഴിച്ച് പഴയ ഓർമ്മകളുമായി ഒരു ദിവസം നമുക്കിരിക്കണം'
രവികുമാർ, വിൻസെന്റ്, സുധീർ, ത്യാഗരാജൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സത്യന്റെ മരണശേഷം അഭിനയത്തിൽ വ്യത്യസ്ത ശൈലികളുമായി പ്രേംനസീറും മധുവും നായകനിരയിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ രണ്ടാംനിരയിൽ ഒരു ത്രയം രൂപപ്പെട്ടു. സുധീർ, വിൻസെന്റ്, രവികുമാർ എന്നിവർ ചേർന്നതായിരുന്നു ആ ത്രയം. മലയാളത്തിലെ മികച്ച ക്രാഫ്റ്റ്സ്മാനായ ജോഷി പോലും തന്റെ ആദ്യ സിനിമയായ 'ടൈഗർ സലീമി'ന് വേണ്ടി തെരഞ്ഞെടുത്തത് ഈ ത്രയത്തെയാണ്. 'പട്ടാളം ജാനകി' 'അടവുകൾ പതിനെട്ട്', 'സൂത്രക്കാരി' തുടങ്ങി ആക്ഷൻ പ്രധാനമായ പല ചിത്രങ്ങളിലും സുധീറും വിൻസെന്റും രവികുമാറും നായകന്മാരായെങ്കിലും അത്തരം വേഷങ്ങളിൽ കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത് വിൻസെന്റിനാണ്. മിക്കതിന്റെയും സംഘട്ടന സംവിധാനം നിർവഹിച്ചത് ത്യാഗരാജനായിരുന്നു.
1960-കളുടെ അവസാനമാണ് അഭിനയം തലയ്ക്ക് പിടിച്ച് കൊച്ചി വൈപ്പിൻകര സ്വദേശി വിൻസെന്റ് മദിരാശിയിലെത്തുന്നത്. നാടകം കണ്ടും നടന്മാരെ കണ്ടും അഭിനയത്തിൽ കമ്പം കയറിയവൻ എന്നാണ് നടനും എഴുത്തുകാരനുമായ ഗോവിന്ദൻകുട്ടി ഒരിക്കൽ വിൻസെന്റിനെ വിശേഷിപ്പിച്ചത്. സിനിമാനടനാവാനുള്ള മോഹവുമായി നിർമാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും മുന്നിൽ വിൻസെന്റ് നിരന്തരം വന്നുകൊണ്ടിരുന്നു. നിർമാതാവായ കെ.പി.കൊട്ടാരക്കര നിർമിച്ച് ശശികുമാർ സംവിധാനം ചെയ്ത 'റസ്റ്റ് ഹൗസി'ൽ അവസരം ലഭിച്ചു. പ്രേംനസീറും കെ.പി.ഉമ്മറുമായിരുന്നു റസ്റ്റ് ഹൗസിലെ താരങ്ങൾ. ആദ്യചിത്രം തന്നെ വിൻസെന്റിന് വിജയത്തിന്റെ വഴി തുറന്നു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കുകളിലായി വിൻസെന്റ്. പി. സുബ്രഹ്മണ്യത്തിന്റെയും ശശികുമാറിന്റെയും ഐ.വി.ശശിയുടെയുമൊക്കെ ചിത്രങ്ങളിൽ വിൻസെന്റിന് തുടർച്ചയായി വേഷങ്ങൾ ലഭിച്ചു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൊന്നും വിൻസെന്റ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ആക്ഷൻ ചിത്രങ്ങളോട് പ്രത്യേകതാല്പര്യമായിരുന്നു. സ്റ്റണ്ട് രംഗങ്ങളിൽ ഡ്യുപ്പില്ലാതെ അഭിനയിക്കാനും ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കൈക്കും കാലിനുമൊക്കെ ചില പരിക്കുകളും വിൻസെന്റിനുണ്ടായി. സഹസിക നടൻ എന്നൊക്കെ പ്രേക്ഷകർ വിശേഷിപ്പിച്ചെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ വിൻസെന്റിന് ചിത്രങ്ങൾ കുറഞ്ഞുവന്നു.
"മാസ്റ്റർ... ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ ഇവിടം വരെയെത്തി. ഇപ്പോൾ പഴയ അവസ്ഥയിലേക്ക് പോകുകയാണോ എന്ന് തോന്നുന്നു." വിൻസെന്റ് വലിയ വിഷമത്തോടെ ത്യാഗരാജനോട് പറഞ്ഞു.
"കഠിനമായി പരിശ്രമിക്ക്. പിന്നെ സിനിമയാണ്. ഇവിടെ ഒന്നും ശ്വാശ്വതമല്ലെന്ന് അറിയാമല്ലോ" ത്യാഗരാജൻ സമാധാനിപ്പിച്ചു. അവസരങ്ങൾ വീണ്ടും ലഭിച്ചെങ്കിലും പഴയപോലെ നായക വേഷങ്ങൾ വിൻസെന്റിനെ തേടി വന്നില്ല. അപ്പോഴേക്കും പ്രേംനസീറിനും മധുവിനും പിറകെ സോമൻ സുകുമാരൻ ജയൻ........
© Mathrubhumi
