'നിന്റെയൊക്കെ പേരിൽ എത്ര പരാതികളുണ്ടെന്നറിയാമോ? പെണ്ണുകേസുകൾ വേറേ!'; കള്ളുഷാപ്പിൽ കയറി പോലീസ് അലറി
പ്രതീകാത്മക ചിത്രം
സംഭവം നടക്കുന്നത് ഒരു ശനിയാഴ്ച രാവിലെയാണ്. കോളേജ് ജങ്ഷനടുത്തുള്ള കട്ടങ്ങനാൽ ലോഡ്ജിലായിരുന്നു അക്കാലത്ത് താമസം. അവധിദിവസമായതുകൊണ്ട്, പതുക്കെ എഴുന്നേറ്റ് പത്തുമണിയോടെ ഭക്ഷണം കഴിക്കാൻ പോയത് ഷാപ്പിലേക്കാണ്. പകലായതുകൊണ്ട്, 'മദ്യപാനം പകലരുത്, പലരരുത്' എന്ന വേദവാക്യം ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തമാശയായി പറഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും അങ്ങനെയൊരു ദുരുദ്ദേശ്യമില്ലായിരുന്നു. ഞങ്ങളെ അസമയത്തു കണ്ടപ്പോൾ ഷാപ്പുടമയ്ക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം, മിക്കവാറും അവധിദിവസങ്ങളിൽ അതൊക്കെ ഞങ്ങളുടെ പതിവായിരുന്നു. ഷാപ്പുടമ ഞങ്ങൾക്കു വേണ്ട വിഭവങ്ങളൊക്കെ മേശപ്പുറത്തു നിരത്തി.
'മൂക്കാത്ത ഓരോന്നെടുക്കാം. രാവിലത്തേതാ... ഇപ്പോൾ വന്നതേയുള്ളു.' കള്ളിന്റെ കാര്യമാണയാൾ പറഞ്ഞതെന്നറിയാമായിരുന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. കൂട്ടുകാരിലൊരാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:
'ചേട്ടാ, പകലരുത് എന്നല്ലേ?'
'എന്നാൽ അങ്ങനെയാകട്ടെ.' അയാളും പറഞ്ഞു.
അങ്ങനെ സമാധാനത്തോടെ നല്ല കപ്പ വേവിച്ചതും സ്പെഷ്യൽ കരിമീൻ പൊള്ളിച്ചതുമൊക്കെ കഴിച്ചു തുടങ്ങിയപ്പോഴാണ് മുന്നറിയിപ്പില്ലാതെ ഒരു പോലീസ് ജീപ്പ് ഷാപ്പിന്റെ മുറ്റത്തേക്കു വന്നുനിന്നത്.
രണ്ടു പോലീസുകാർ വേഗത്തിൽ ഷാപ്പിനുള്ളിലേക്കു കയറിവന്ന്, കഴിച്ചുകൊണ്ടിരുന്ന ഞങ്ങളോട് ആജ്ഞാപിച്ചു. 'എഴുന്നേക്കെടാ കഴുവേറി... മക്കളേ'
ഞങ്ങൾ ഞെട്ടിപ്പോയി. എന്താണു സംഭവിക്കുന്നതെന്ന് ഒരൂഹവുമില്ലായിരുന്നു.
'മറ്റവനെന്തിയേ, നിന്റെയൊക്കെ കൂടെ നടക്കുന്ന തടിയൻ? എവിടെയാണെങ്കിലും അവനേം ഞങ്ങൾ ഇന്നുതന്നെ പൊക്കും...'
'അവൻ വീട്ടിൽ പോയി... മറ്റെന്നാളേ വരൂ...' ഞാൻ വിനയപൂർവം അറിയിച്ചു.
'അവനെ ഞങ്ങൾ പിന്നെ പൊക്കിക്കോളാം... തൽക്കാലം നിന്നെയൊക്കെ പൊക്കാൻ വന്നതാ...'
'സാർ... ഫുഡ് കഴിച്ചിട്ട്...'
'ഫാ! നാറികളേ! നിനക്കൊക്കെവേണ്ടി ഞങ്ങളിനി കാത്തുനിൽക്കാം... നിന്റെയൊക്കെ പേരിൽ എത്ര പരാതികളുണ്ടെന്നറിയാമോ? പെണ്ണുകേസുകൾ വേറേ!'
ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളാണ്. കൂടാതെ നക്സലൈറ്റ് അക്രമങ്ങൾ അങ്ങിങ്ങായി നടക്കുന്ന സമയവുമായിരുന്നു. ഇടത്തല മത്തായിയെ വെടിവച്ചു കൊലപ്പെടുത്തിയ കുപ്രസിദ്ധമായ കേസൊക്കെ അക്കാലങ്ങളിലായിരുന്നു. പിൽക്കാലത്ത്, കോഴിക്കോട് റീജ്യണൽ എൻജിനീയറിങ് കോളേജ് (ഇന്നത്തെ എൻ.ഐ.ടി.) വിദ്യാർഥിയായിരുന്ന രാജനെ ഏതോ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന വ്യാജേന പിടിച്ച വാർത്തയൊക്കെ പടരുന്ന കാലം. രാജന്റെ അച്ഛൻ ഈച്ചരവാര്യർ ഹേബിയസ് കോർപ്പസ് ഹർജി കൊടുത്തതും 1976 മാർച്ചിൽ, രാജൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതും ഐപിഎസ് ഓഫീസറായിരുന്ന ജയറാം പടിക്കലിനു പടിയിറങ്ങേണ്ടിവന്നതുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നത് ഞങ്ങളുടെ പഠനകാലത്തായിരുന്നു. ഈ സംഭവം അതിനും മുമ്പായിരുന്നെങ്കിലും ഇന്നോർക്കുമ്പോഴും നടുക്കമാണ്.
പഠനം കഴിഞ്ഞ് മലപ്പുറത്തു പൊതുമരാമത്തുവകുപ്പിൽ ജോലി ചെയ്യുമ്പോഴാണ് രാജനെപ്പറ്റി കൂടുതൽ വിവരങ്ങളറിയുന്നത്. അന്നു ഞാൻ ആർ.സി.യുടെ ഗസ്റ്റ്ഹൗസിലായിരുന്നു താമസം. അവിടെ രാജന്റെകൂടെ പഠിച്ച പയസും അതേ കാലയളവിലെ വിദ്യാർഥിയായിരുന്ന ഒരു ബാലകൃഷ്ണനുമുണ്ടായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ രാജനും പ്രതിയായിരുന്നു എന്ന സംശയത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് എന്നാണ് അവർ പറഞ്ഞത്. കോഴിക്കോട്ടുവച്ചു നടന്ന യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവൽ കഴിഞ്ഞ് രാത്രിയിൽ, ആർ.ഇ.സിയുടെ കോളേജ് ബസ്സിൽക്കയറി ഹോസ്റ്റലിലേക്കു പോകാൻ കൂട്ടുകാരുമൊത്തു നിൽക്കവേ, ആരോ പിന്നിൽനിന്നു 'രാജാ' എന്ന് ഉറക്കെ വിളിക്കുകയും രാജൻ പെട്ടെന്നു തിരിഞ്ഞുനോക്കുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുസംഘം പോലീസുകാർ പാഞ്ഞുവന്ന് രാജനെ പിടികൂടുകയായിരുന്നത്രേ. അതിന്റെ പേരിൽ കോളേജ് കാമ്പസിൽ പ്രതിഷേധപ്രകടനങ്ങളൊക്കെ ഉണ്ടായെങ്കിലും അതിൽപ്പിന്നെ രാജനെ ആരും കണ്ടിട്ടില്ല. അന്നൊക്കെ അങ്ങനെ അറസ്റ്റ് ചെയ്ത പലരെയും കാണാതായിട്ടുണ്ട്. പലരും കസ്റ്റഡിയിൽ മരിച്ചിട്ടുമുണ്ട്.
കേരളത്തിലെ എൻജിയിനീയറിങ് കോളേജുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി സ്റ്റഡി ക്ലാസ്സുകളൊക്കെ നടക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളാരും അതിലൊന്നും പെട്ടിരുന്നില്ല. പക്ഷേ ആരോടു പറയാൻ! അടിയന്തരാവസ്ഥക്കാലത്ത് നിയമപാലകർക്കു പരമാധികാരമാണ്. തിരുവായ്ക്ക് എതിർവായില്ല. ഏതു കേസെടുത്താലും........
© Mathrubhumi
