നാഷനല്‍ ഹെറാള്‍ഡ്: പകപോക്കലിന്റെ രാഷ്‌ട്രീയം
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോട് ഇഴചേര്‍ന്നുകിടക്കുന്ന 'നാഷനല്‍ ഹെറാള്‍ഡ്' എന്ന മഹത്തായ നാമത്തെ ഇകഴ്‌ത്തിയും ആ പത്രത്തിന് കൈത്താങ്ങ് നല്‍കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയുമുള്ള നടപടികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ, സുമന്‍ ദുബൈ എന്നിവര്‍ക്കെതിരേ കുറ്റപത്രം സമര്‍പിച്ചതും നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതവും ബി.ജെ.പി. തുടര്‍ച്ചയായി അനുവര്‍ത്തിച്ചു വരുന്ന പ്രതികാര രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. പണം കൈമാറാത്ത ഇടപാടില്‍ കള്ളപ്പണ നിയമം ബാധകമാകുന്നതെങ്ങനെയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.
2012ല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന് പരാതി നല്‍കിയ സുബ്രഹ്‌മണ്യം സ്വാമി പോലും വിസ്‌മൃതിയിലേക്ക് തള്ളിവിട്ട കേസ് വീണ്ടും പൊടിതട്ടി കൊണ്ടുവരികയും കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേട്ടയാടുകയും ചെയ്യുന്നതിന്റെ പിന്നില്‍ മോദിക്കും അമിത് ഷായ്‌ക്കും കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്.
ഒന്നാമതായി, കോണ്‍ഗ്രസ് നേതൃനിരയെ നിര്‍വീര്യമാക്കി കോണ്‍ഗ്രസ് മുക്‌ത ഭാരതം എന്ന ലക്ഷ്യം നേടിയെടുക്കുക. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സമാപിച്ച എ.ഐ.സി.സി. സമ്മേളനത്തിനു ശേഷം കോണ്‍ഗ്രസ് കരുത്തോടെ മുന്നോട്ട് വരുന്നത് ബി.ജെ.പി. നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. രണ്ടാമതായി അടുത്ത ഒരു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസം, ബിഹാര്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ഈ നാല് സംസ്‌ഥാനങ്ങളിലും നിലവില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എ. മുന്നണിയുടെയും അവസ്‌ഥ പരുങ്ങലിലാണ്. കോണ്‍ഗ്രസ് നേതാക്കന്മാരെ കൂട്ടത്തോടെ ജയിലില്‍ അടച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയം ആക്കാം എന്നും അങ്ങനെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയും എന്നുമാണ് ബി.ജെ.പി. കരുതുന്നത്.
നാഷണല്‍ ഹെറാള്‍ഡ്: ദേശീയതയുടെ മുഖപത്രം
ഇന്ത്യയിലെ മിക്കവാറും എല്ലാ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്കും അവരുടേതായ മുഖപത്രങ്ങളുണ്ട്. പക്ഷേ അതില്‍നിന്നെല്ലാം നാഷനല്‍ ഹെറാള്‍ഡിനെ വേര്‍തിരിച്ചുനിര്‍ത്തുന്നത്........
© Mangalam
