ഏതു ദുരന്തത്തെയും കേരളം അതിജീവിക്കും
വയനാട് ടൗണ്‍ഷിപ്പിന്റെ ശിലാസ്‌ഥാപനം നടക്കുന്ന ഈ ദിനത്തില്‍ കഴിഞ്ഞ ജൂലൈ 30 ലേക്കാണ് എന്റെ ഓര്‍മ്മകള്‍ പോകുന്നത്. തൊട്ടടുത്ത ദിവസംതന്നെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചെന്നപ്പോള്‍ കണ്ട കാഴ്‌ചകള്‍ ഹൃദയഭേദകമായിരുന്നു. എന്നാല്‍ കൂട്ടായ ഇടപെടലുകളെത്തുടര്‍ന്ന് അതിവേഗത്തില്‍തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും നമുക്കു കഴിഞ്ഞു.
ഒരു വ്യക്‌തിയെയും ഒരു വകുപ്പിനെയും ഒരു സംഘടനയെയും പേരെടുത്തു പരാമര്‍ശിക്കുന്നില്ല. എല്ലാവരും കൈമെയ് മറന്നു സഹകരിച്ചു. നാമെല്ലാവരും ഒരേ മനസോടെയാണു നീങ്ങിയത്. നമ്മുടെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും ഫലമായാണ് നാമിന്ന് ഈ നിലയില്‍ എത്തിനില്‍ക്കുന്നത്. വെറും ഒമ്പതു മാസത്തിനുള്ളില്‍ വയനാട്ടില്‍ ഒരു ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്നുവെന്നത്, എത്രവലിയ ദുരന്തത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള നാടായി കേരളം മാറുന്നുവെന്നതിന്റെ നിദര്‍ശനമാണ്.
കേരളമെന്ന് എടുത്തുപറയാന്‍ കാരണം, ഇതു നാം നമ്മുടെ സ്വന്തം പ്രയത്നവുംവിഭവവുംകൊണ്ടു സാധ്യമാക്കുന്നതാണ് എന്നതുകൊണ്ടാണ്. ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ നമ്മള്‍ യൂണിയന്‍ സര്‍ക്കാരിനോട് ഒരു പാക്കേജ് ആവശ്യപ്പെട്ടിരുന്നു, കിട്ടിയില്ല. കടം തന്നു, ചുരുങ്ങിയ സമയംകൊണ്ട് അതു ചെലവഴിക്കണമെന്നു പറയുകയും ചെയ്‌തു. കടമല്ല പാക്കേജെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. എന്താണു തടസം എന്നുമാത്രം ആരും പറഞ്ഞില്ല. പോസ്‌റ്റ് ഡിസാസ്‌റ്റര്‍ നീഡ്‌സ് അസെസ്‌മെന്റ് നടത്തി 2,221 കോടി രൂപയാണു നമുക്കാവശ്യമായി വരിക എന്നു നമ്മള്‍ രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു രേഖപോലും സമര്‍പ്പിക്കാത്തവര്‍ക്കു വരെ വാരിക്കോരി കൊടുക്കുന്നതു നമ്മള്‍ ഇതിനിടയില്‍ കണ്ടു. ഏതായാലും രാജ്യം ഭരിക്കുന്നവര്‍ എന്തു തന്നാലും ഇല്ലെങ്കിലും കേരളം അതിജീവിക്കുമെന്നു നമ്മള്‍ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ്.
കേരളത്തില്‍ നല്ലവരായ മനുഷ്യരുണ്ട്, സംഘടനകളുണ്ട്, സ്‌ഥാപനങ്ങളുണ്ട്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായുണ്ട്.........
© Mangalam
