പ്രപഞ്ചത്തിന്റെ അവസാനം
മനുഷ്യരുടെ ആയുസ് പരമാവധി 120 വര്‍ഷം. ഒരു വ്യക്‌തി മരിച്ചാലും ആ ശരീരത്തിലെ ആറ്റങ്ങള്‍ നിലനില്‍ക്കും. അവ പിന്നീട് മറ്റു പല ജീവികളുടെയും ഭാഗമാകും. ഭൂമിയില്‍ എവിടെയെങ്കിലും നിലനില്‍ക്കുകയും ചെയ്യും. പക്ഷേ, ഭൂമിക്കു മുന്നില്‍ അവശേഷിക്കുന്നത് ഏതാനും ശതകോടി വര്‍ഷങ്ങള്‍ മാത്രം. 1000 കോടി വര്‍ഷമാണു സൂര്യന്റെ ആയുസ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ അതില്‍ 450 കോടി വര്‍ഷം പിന്നിട്ടിരിക്കുന്നു. സൂര്യന്‍ ഇല്ലാതാകുന്നതിനു കോടിക്കണക്കിനു വര്‍ഷം മുമ്പ് ഭൂമിയിലെ അവസാന ജീവനും വിടപറഞ്ഞിരിക്കും. മനുഷ്യരെ സംബന്ധിച്ച് അതാണു ലോകാവസാനം. മനുഷ്യരും ഭൂമിയും സൂര്യനും ഇല്ലാതായാലും പ്രപഞ്ചമുണ്ടാകും. പക്ഷേ, അത് അനന്തകാലത്തേക്കല്ല.
പ്രപഞ്ചത്തിന്റെ തുടക്കം മഹാവിസ്‌ഫോടനത്തിലൂടെയായിരുന്നെന്നാണു ശാസ്‌ത്രം പറയുന്നത്. ഏകദേശം 1370 കോടി വര്‍ഷം മുമ്പാണു മഹാവിസ്‌ഫോടനം ഉണ്ടായതത്രേ. പക്ഷേ, പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ചു ശാസ്‌ത്രജ്‌ഞര്‍ക്കു ഭിന്നാഭിപ്രായമാണ്. എങ്കിലും തുടക്കമുണ്ടെങ്കില്‍ ഒരു ഒടുക്കവും ഉണ്ടാകുമെന്നാണു മനുഷ്യന്റെ ബുദ്ധി പറയുന്നത്. എന്തായാലും നമ്മുടെ ജീവിതകാലത്തൊന്നും ഈ പ്രപഞ്ചം അവസാനിക്കില്ല.
മഹാവിസ്‌ഫോടനത്തില്‍ തുടങ്ങിയ പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. ആ വികാസം ഇനിയും തുടരും. വികസിക്കുംതോറും പ്രപഞ്ച സാന്ദ്രത കുറയും. പ്രപഞ്ചത്തിലെ വാതകമേഘങ്ങളില്‍നിന്നാണു താരാപഥങ്ങളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപ്പെടുന്നത്. വാതകം ഗുരുത്വാകര്‍ഷണം മൂലം കേന്ദ്രീകരിച്ചു നക്ഷത്ര ജനനങ്ങള്‍ക്കു കാരണമാകും.
വലിയവര്‍ ആദ്യം 'മരിക്കും'
സൂര്യനെപ്പോലുള്ള നക്ഷത്രങ്ങള്‍ക്ക് 1000- 1200 കോടി വര്‍ഷമാണ് ആയുസ്. വലിപ്പം കൂടും തോറും നക്ഷത്രങ്ങള്‍ക്ക് ആയുസ് കുറയും. സൂര്യന്റെ ഇരട്ടി ഭാരമുള്ള നക്ഷത്രത്തിന് 150 മുതല്‍ 170 കോടി വര്‍ഷമാണ് ആയുസ്. പത്തിരട്ടി ഭാരമുള്ള നക്ഷത്രങ്ങള്‍ നാലു കോടി വര്‍ഷം കൊണ്ട് പ്രകാശം ചൊരിയുന്നത് നിര്‍ത്തും. സൂര്യന്റെ നൂറിരട്ടി ഭാരമുള്ള നക്ഷത്രങ്ങള്‍ക്കു ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മാത്രമേ ഉണ്ടാകൂ. അതിവേഗം ഇന്ധനം തീര്‍ന്ന് അവ സൂപ്പര്‍നോവയോ ഹൈപ്പര്‍നോവയോ ആയി അവസാനിക്കും.
എന്നാല്‍, ഭാരം കുറഞ്ഞ നക്ഷത്രങ്ങള്‍ക്ക് ആയുസ് കൂടും. ഇത്തരം നക്ഷത്രങ്ങളില്‍ ഊര്‍ജോത്‌പാദനം കുറവാണെന്നതാണു കാരണം.
സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ 7.5 ശതമാനം വരെ മാത്രമുള്ള നക്ഷത്രങ്ങള്‍ ചുവന്ന കുള്ളന്‍ വിഭാഗത്തില്‍ വരും. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമാ സെന്റൂരിക്ക് സൂര്യന്റെ 12 ശതമാനം മാത്രമാണു ഭാരം. സൂര്യനെ അപേക്ഷിച്ച് 20,000 ല്‍ ഒന്ന് പ്രകാശം........
© Mangalam
