ഹിമാനി സംരക്ഷണവും ശുദ്ധജലത്തിന്റെ കരുതലും
ആഗോള ജലവിചാരത്തിനായി അടയാളപ്പെടുത്തപ്പെട്ട ദിനമാണ് മാര്‍ച്ച് 22. ജീവനും ജലവും ഉടപ്പിറന്നവരാണെന്നു പറയാം. ജലത്തിന്റെ ഉള്‍ത്തടത്തില്‍നിന്നാണ് ജീവന്റെ മിടിപ്പുകളുണര്‍ന്നു വന്നത്. ജീവന്റെ നിലനില്‍പിനും തുടിപ്പിനും പ്രാണവായുപോലെ അനിവാര്യഘടകമാണ് ജലം. അതുകൊണ്ടാണ് ജീവജലമെന്നും ജീവാമൃതമെന്നുമൊക്കെ ജലത്തെ വാഴ്‌ത്തുന്നത്.
ഐക്യരാഷ്‌ട്ര സംഘടന (യു.എന്‍.) പരിസ്‌ഥിതി പരിപാടിയുടെ കണക്കനുസരിച്ച് വിവിധ രൂപങ്ങളില്‍ ഭൂമിയില്‍ ലഭ്യമായ ജലത്തിന്റെ അളവ് 140 കോടി ഘന കിലോമീറ്ററാണ്. ഭൂതലത്തിന്റെ 71% ജലത്താല്‍ ആവൃതമാണ്. ഭൂമിയില്‍ ലഭ്യമാകുന്ന മൊത്തം വെള്ളത്തിന്റെ 97 ശതമാനവും സമുദ്രജലമാണ്. ശേഷിക്കുന്ന മൂന്നു ശതമാനം മാത്രമാണ് ശുദ്ധജലം. അതിന്റെ മുക്കാല്‍ ഭാഗവും മഞ്ഞുമലകളിലും ഹിമാനികളിലുമാണ് കാണപ്പെടുന്നത്.
വറ്റുന്ന കുടിനീരിടങ്ങള്‍
വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അക്വഡക്‌ട് വാട്ടര്‍ റിസ്‌ക് അറ്റ്‌ലസ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ലോകജനതയുടെ 25 ശതമാനവും അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയും ക്ഷാമപട്ടികയിലുണ്ട്. പശ്‌ചിമേഷ്യയിലെയും ആഫ്രിക്കയുടെ വടക്കന്‍ മേഖലയിലെയും 83% ജനവും കുടിനീര്‍ തേടിയുള്ള അലച്ചിലിലാണ്.
ലോകജനസംഖ്യ വര്‍ഷംതോറും 85 ദശലക്ഷം വീതം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആനുപാതികമായി കുടിവെള്ളലഭ്യത ഉയരുന്നില്ല എന്നത് ഗുരുതരമായ ഭീഷണിയാണ്.
കാലാവസ്‌ഥാവ്യതിയാനം വരുത്തുന്ന മഴക്കുറവ്, അതിതീവ്ര മഴമൂലമുള്ള മണ്ണൊലിപ്പ്, അപ്രതീക്ഷിതവും വിനാശകരവുമായ ഉരുള്‍പൊട്ടല്‍ തുടങ്ങിയവ കാരണം ശുദ്ധജല ഉറവിടങ്ങള്‍ പലതും വറ്റിപ്പോകുകയോ മണ്ണിനടിയില്‍ മറഞ്ഞുപോകുകയോ ചെയ്യാറുണ്ട്.
44 നദികളുടെ ഉറവിടമായ പശ്‌ചിമഘട്ടം ഭീമജലബാങ്കാണ്. മലകളും നീര്‍ത്തടങ്ങളും പാറക്കെട്ടുകളുമെല്ലാം അക്ഷയമായ ജലശേഖരങ്ങളാണ് എന്ന സത്യം മറന്നുള്ള മാനുഷിക........
© Mangalam
