'ആ വാത്സല്യവിളി ആ രാത്രിയിൽ എൻ്റെ കണ്ണു നനയിച്ചു, എന്നെ ആരും ലാളിച്ചിട്ടില്ല'
ഷീജ വക്കം
തൃക്കാർത്തികയായിരുന്നു. ശരവണപ്പൊയ്കയിലെ താമരപ്പൂക്കളിൽ ആറു ശിശുക്കളുണ്ടായതും അവരെല്ലാം ചേർന്ന് മുരുകനായതും ആ ദിവസമാണെന്ന് അമർച്ചിത്രകഥയിൽ വായിച്ചിട്ടുണ്ട്. താമരപ്പൂവിൽ കാൽപ്പെരുവിരൽ കുടിച്ചു കിടന്ന കുഞ്ഞുങ്ങളെ, വാരിയെടുത്തു മുലയൂട്ടിയ കൃത്തികാദേവിമാർ ആറു നക്ഷത്രങ്ങളായി. മുരുകൻ താരകാസുരനെ വധിച്ചു. എനിക്ക് താരകാസുരനെ വലിയ ഇഷ്ടമായിരുന്നു. താരകം എത്ര മനോഹരമായ വാക്കാണ്. താരകാസുരന്റെ കിരീടത്തുമ്പിൽ ഒരു വെള്ളിനക്ഷത്രമുണ്ടായിരുന്നു കാണും. അല്ലെങ്കിൽ ശരീരം മുഴുവൻ ക്രിസ്തുമസ്ട്രീയിലെ ബൾബുമാല പോലെ കുഞ്ഞുനക്ഷത്രങ്ങൾ. ഏതായാലും താരകമഴ പൊഴിഞ്ഞു വീണ പോലെയാണ് കാർത്തികയ്ക്ക് ചില ഭാഗങ്ങളിലെ മതിലുകളും മട്ടുപ്പാവുകളും. മിക്കവരും ചെരാതുകളും മെഴുതിരികളും കൊളുത്തിവെക്കും. ടെറസിൽ പേരമരം വളർന്നു കൊമ്പു മുട്ടിച്ച ഇത്തിരിയിടം ഒഴികെ ബാക്കിയെല്ലായിടത്തും ഞങ്ങളും മെഴുതിരികൾ കൊളുത്തി വെച്ചു. വരാന്തയിലെ സ്റ്റെപ്പുകളിൽ ചെരാതുകളും. അന്ന് മാമന്റെ മക്കളുമുണ്ടായിരുന്നു.
സ്പെഷ്യൽഭക്ഷണമായ ഇളനീരും കാച്ചിലും ചേമ്പും പുഴുങ്ങിയതും കഴിക്കാനിരിക്കുമ്പോൾ ഗേറ്റിൽ ഒരു വണ്ടി വന്നുനിന്നു. ആർപ്പുവിളിയും ബഹളങ്ങളുമായി അതിഥികൾ വീട്ടിലേയ്ക്കു കയറിവന്നു. പത്തുപതിനഞ്ചു പേരുണ്ടായിരുന്നു. അണ്ണന്റെ കൂട്ടുകാരാണ്. ബാംഗ്ളൂരിൽ ഒപ്പം പഠിക്കുന്നവർ. പല ഭാഷകൾ സംസാരിക്കുന്ന ആ യുവതീയുവാക്കൾ കേരളം കാണാൻ വന്നതാണ്. ഇവിടെ രണ്ടു ദിവസമുണ്ടാവും. കാറ്റത്താടിയുലയുന്ന മെഴുതിരിനാളങ്ങളുമായി കാർത്തികരാവ് അവരെ വരവേറ്റു. അതിഥികൾക്ക് രാത്രിഭക്ഷണം ഉണ്ടാക്കണ്ടെന്നു പറഞ്ഞിരുന്നു. ഉള്ള സൗകര്യങ്ങളിൽ കുളിച്ച് വസ്ത്രം മാറി, ഗോതമ്പുപൊടിയുടെ ബക്കറ്റ് ചോദിച്ചുവാങ്ങി, വന്നവർ തന്നെ അടുക്കളയിൽക്കയറി. അതാണത്രേ അവരുടെ പതിവ്. അന്ന് വീടിനു പുറത്തും ഒരു അടുക്കളയുണ്ടായിരുന്നു. അതിലേയ്ക്ക് ഒരു സിമൻ്റുപാതയും വശത്ത് മാതളനാരകത്തിൻ്റെ കനൽപ്പൂക്കളുള്ള തൈകളും പിച്ചിച്ചെടികളും ക്രോട്ടണുകളും ഉണ്ടായിരുന്നു.
അവിടെ നിന്ന് ബംഗാളിയിലും ഹിന്ദിയിലും ഗാനങ്ങളുയർന്നു. സ്റ്റോർ മുറിയിൽ നിന്ന് ഏറ്റവും വലിയ സ്റ്റീൽ ചരുവം പുറത്തെടുക്കപ്പെട്ടു. അവർ സംഘങ്ങളായി തിരിഞ്ഞ് ഗോതമ്പുപൊടി കുഴയ്ക്കുകയും, പരത്തുകയും, അമ്പിളിയമ്മാവനെപ്പോൽ വട്ടമൊത്ത ചപ്പാത്തികൾ ചുട്ടെടുക്കുകയും ചെയ്തു. അപരിചിതമായ രുചിക്കൂട്ടിൽ ചീനച്ചട്ടിയിൽ ഉരുളക്കിഴങ്ങുകറി തിളച്ചു കുറുകി. അങ്ങനെ വീട്ടുകാർക്കും അതിഥികൾക്കുമായുള്ള മുഴുവൻ ഭക്ഷണവും അതിഥികളുണ്ടാക്കി. കണ്ണു മിഴിഞ്ഞു വരുന്ന വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾ പതിവില്ലാത്ത ബഹളങ്ങളിൽ പരിഭ്രാന്തരായി ഓടി നടന്നു.അവർ സോഫയ്ക്കടിയിലും കട്ടിൽച്ചോട്ടിലും അഭയം തേടി. പൊതുഭാഷ ഹിന്ദിയായിരുന്നു. പല ഭാഷകളുടെ കറകൾ വീണ ഇംഗ്ളീഷും. ചിലർ "സ"യ്ക്കു പകരം ജ ആണുപയോഗിച്ചത്. സീറോയ്ക്ക് പകരം ജീറോ. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ "കടീബോലി"യായി അവർ ഇംഗ്ളീഷിനെ നിർദ്ദയം ചവച്ചരച്ചു.
ഹിന്ദിസിനിമയുടെയും ഹിന്ദിപ്പാട്ടുകളുടെയും ആരാധകരാകയാൽ ഞങ്ങൾ കുട്ടികൾക്ക് അവർ പറയുന്നത് വേഗം മനസ്സിലായി. അവർ എല്ലാരോടും വേഗമിണങ്ങി. ഉറങ്ങാറായപ്പോൾ കിട്ടിയയിടത്തു പായയും ബ്ലാങ്കറ്റും വിരിച്ച് കിടപ്പായി. കിടക്കും മുമ്പ്, (അപ്പോൾ പാതിരാത്രിയായിരുന്നു ) കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഹിന്ദിപ്പാട്ടുകളായിരുന്നു മിക്കതും. അതിനിടയിൽ വെള്ളപ്പൈജാമയിട്ട ഒരു ബംഗാളിച്ചേട്ടനെ കൂട്ടുകാർ ആവേശപൂർവ്വം പാടാൻ ക്ഷണിച്ചു. അന്ന് ദേശീയഗാനം പോലെയായി മാറിയിരുന്ന"പർദേസീ മേരേ യാരാ" പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അദ്ദേഹം കവിത ചൊല്ലാൻ പോവുന്നതായി പ്രഖ്യാപനം വന്നത്. ഓരോ വരി കഴിയുമ്പൊഴും കൂട്ടുകാർ "അരേ വാ" എന്ന് കയ്യടിച്ചു. ഒന്നും മനസ്സിലായില്ല. എങ്കിലും അത് കവിതയാണല്ലോ എന്നോർത്തപ്പോൾ ഒരു കുളിരലയിളകി. ഏതു ഭാഷയിലായാലും അതിൻ്റെ പ്രാണനിരിക്കുന്നത് ഒരേ തത്തക്കൂട്ടിലാണല്ലോ.
അന്ന് പ്രീഡിഗ്രി ഒന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു ഞാൻ. കവിത തലയ്ക്കു പിടിച്ച കാലം. കോളേജിൽ ഒരു ചെറുകിടകവിയായി വരുന്നു. സയൻസാണു പഠനവിഷയമെങ്കിലും സിമ്പിൾപെൻഡുലവും പീരിയോഡിക് ടേബിളും ബ്രയോഫൈറ്റുകളുടെ പുനരുത്പാദനവും എല്ലാം എനിയ്ക്കന്ന് കവിതയായനുഭവപ്പെട്ടു. ഡിസക്റ്റ് ചെയ്ത് മൊട്ടുസൂചിയിൽത്തറച്ചുവെച്ച തവളയുടെ, മിടിപ്പടങ്ങാത്ത ഹൃദയം പോലെയാണ് കൗമാരം. അത് പ്രാക്ടിക്കൽ പരീക്ഷാർത്ഥിയോടെന്നവണ്ണം ലോകത്തോട് എന്നെ തിരിച്ചറിയൂ എന്നാവശ്യപ്പെട്ടുകൊണ്ടിരിക്കും. കടുംനിറങ്ങളിലെ രാസസംയുക്തങ്ങൾ പേറിയ ഒരു ടെസ്റ്റ്ട്യൂബായിരുന്നു അക്കാലം. അതിൽ ജീവിതം കലർന്ന് തീയെരിയുകയും പുകയുയരുകയും ചെയ്തു. കവിതയായിരുന്നു സകലതിനും ത്വരകം. അങ്ങനെയിരിക്കുമ്പൊഴാണ്, വീട്ടിലൊരു കവി! അതും ബംഗാളിക്കവി അതിഥിയായി വന്നിരിക്കുന്നത്. ഹൊ! ആ വലിയ മനുഷ്യനെക്കാണുമ്പോൾ എന്തൊരാവേശം.!
സ്വീകരണമുറിയിലെ ചില്ലിട്ട ഷോക്കേസിൽ നിരത്തി വെച്ച ലൈറ്റു കത്തുന്ന പടക്കപ്പലിനും പ്ലാസ്റ്റിക് പൂക്കൾക്കുമിടയിൽ അല്ലറചില്ലറ മെമൻ്റോകൾ നമ്മുടേതുമുണ്ടായിരുന്നു. കവിതയ്ക്കു കിട്ടിയ ചെറിയ സമ്മാനങ്ങൾ. ഫ്രെയിം ചെയ്തു വെച്ച കുട്ടിക്കാല ഫോട്ടോകൾ എടുത്തു........
© Mathrubhumi
