വിമതനീക്കം; കോഴിക്കോട്ട് ഇരുമുന്നണികള്‍ക്കും ആശങ്ക
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളായെങ്കിലും കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ആശങ്കയൊഴിയുന്നില്ല. ജില്ലയിലെ സീറ്റുകള്‍ എം.പിമാരായ എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍, കോഴിക്കോട് ഡി.സി.സി. അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍, കെ,പി.സിസി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവര്‍ വീതിച്ചെടുത്തെന്നാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ ആക്ഷേപം. നാദാപുരത്ത് കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കാന്‍ രാഘവനും ഷാഫിയും ഒന്നിച്ച് ഇടപെട്ടതായാണ് പരാതികളിലൊന്ന്. ബാലുശേരിയില്‍ സ്‌ഥാനാര്‍ഥിയായ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജും രാഘവന്റെ നോമിനിയാണെന്ന് ഇവര്‍ ആരോപിക്കുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം നില്‍ക്കുന്ന കെ,പി.സിസി. ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണന്റെ പേര് എലത്തൂരില്‍ ആദ്യമേ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. മത്സരിക്കാന്‍ ആഗ്രഹിച്ച കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടി കെ. പ്രവീണ്‍കുമാര്‍ കൊയിലാണ്ടി പിടിച്ചെടുത്തപ്പോള്‍, കോഴിക്കോട് നോര്‍ത്തില്‍ കെ. ജയന്തും സ്‌ഥാനാര്‍ഥിയായി. ഡി.സി.സി. ഭാരവാഹികളായ നിജേഷ് അരവിന്ദ്, ഐ. മൂസ, വി.പി. ദുല്‍ഖിഫില്‍, എന്‍. സുബ്രഹ്‌മണ്യന്‍, പി.പി. നൗഷീര്‍ എന്നിവരെല്ലാം സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടെന്നാണ് ആരോപണം. കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്‌ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസിനും സീറ്റ് നല്‍കിയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിയാസിനെ കോര്‍പറേഷനിലേക്ക് മത്സരിപ്പിച്ചത് എം.കെ. രാഘവനും കെ. പ്രവീണ്‍കുമാറും ജയന്തും ചേര്‍ന്നുള്ള നീക്കമായിരുന്നെന്ന് ആരോപണമുണ്ട്. നിയമസഭയിലേക്ക് സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം ഡി.സി.സി. ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സാമൂഹ്യമാധ്യമങ്ങളിലുടെ പരസ്യമാക്കുകയും ചെയ്‌തു. 1000 തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചാലും ഒരാളുടെയും പെട്ടി പിടിക്കില്ലെന്നായിരുന്നു നിജേഷിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. എലത്തൂരില്‍ അവസാനനിമിഷം വരെ നിജേഷിന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിദ്യാ ബാലകൃഷ്‌ണനാണ് നറുക്കുവീണത്. മുല്ലപ്പള്ളി രാമചന്ദ്രനു സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും പരസ്യപ്രതികരണത്തിനു തയാറായിട്ടില്ല. ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിയെ അനുനയിപ്പിക്കാന്‍ പ്രവീണ്‍കുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അതേസമയം, കൊയിലാണ്ടിയില്‍ മത്സരിക്കുന്ന പ്രവീണ്‍കുമാറിനെതിരേ 'സേവ് കോണ്‍ഗ്രസി'ന്റെ പേരില്‍ വ്യാപകമായി പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി. അധ്യക്ഷന്‍ മത്സരിക്കാനിറങ്ങിയതോടെ ജില്ലയിലെ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയിലായെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. മുസ്ലീം ലീഗ് സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം എന്നിവിടങ്ങളിലും സ്‌ഥാനാര്‍ഥിത്വം ലഭിക്കാത്തവര്‍ പ്രതിഷേധത്തിലാണ്. കൊടുവള്ളിയില്‍ മുന്‍ എം.എല്‍.എ: വി.എം. ഉമ്മര്‍, തിരുവമ്പാടിയില്‍ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. ഹുസൈന്‍കുട്ടി എന്നിവരെ അനുകൂലിക്കുന്നവര്‍ കട്ടക്കലിപ്പിലാണ്. കുന്ദമംഗലം സ്വദേശി പി.കെ. ഫിറോസിനെ കൊടുവള്ളിയിലും കൊടുവള്ളി സ്വദേശി എം.എ. റസാഖിനെ കുന്ദമംഗലത്തും സ്‌ഥാനാര്‍ഥിയാക്കിയത് അണികള്‍ ചോദ്യംചെയ്ുന്നു. കോഴിക്കോട് സൗത്തില്‍ ജില്ലയ്‌ക്കു പുറത്തുള്ളയാളെ സ്‌ഥാനാര്‍ഥിയാക്കിയതും പ്രതിഷേധത്തിനിടയാക്കി. എല്‍.ഡി.എഫില്‍ എലത്തൂര്‍ മണ്ഡലത്തിലാണ് കാര്യമായ പ്രതിഷേധമുയരുന്നത്. മന്ത്രി എ.കെ. ശശീന്ദ്രനെതിരേ എന്‍.സി.പി. (എസ്‌്) ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു. പ്രശ്‌നം പരിഹരിച്ചെന്ന് പറയുമ്പോഴും വോട്ടുകള്‍ ഭിന്നിക്കപ്പെടുമോയെന്ന ആശങ്ക അകന്നിട്ടില്ല. കൊടുവള്ളി മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ. കാരാട്ട് റസാഖിനെ പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ടെന്നാണു സൂചന.
