menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വരുമോ, 'എക്‌സ്‌ സി.പി.എം' കാബിനറ്റ്‌..!

23 0
12.03.2026

ഭൂകമ്പമോ കൊടുങ്കാറ്റോ ഉരുള്‍ പൊട്ടലോ ദുരന്തം ഏതുമാകട്ടെ; പക്ഷി മൃഗാദികള്‍ക്ക്‌ നേരത്തെ തന്നെ സൂചന കിട്ടുമെന്നും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ ചേക്കേറുമെന്നും ശാസ്‌ത്രം. പ്രതിഫലിക്കാനിരിക്കുന്ന ഭരണ വിരുദ്ധ വികാരങ്ങള്‍ ഭരണപക്ഷത്തെ നേതാക്കള്‍ക്ക്‌ തെരഞ്ഞെടുപ്പടുക്കവേ സൂചനയായി ലഭിക്കുന്നതും ഇത്തരമൊരു ആറാമിന്ദ്രിയ എഫക്‌ടാണോയെന്നത്‌ ഗവേഷണ വിഷയമാക്കാവുന്നതുമാണ്‌. ദുരന്തം മുന്‍കൂട്ടി കാണുന്ന പക്ഷിമൃഗാദികളുടെ സവിശേഷ സ്വഭാവവിശേഷങ്ങളുമായി ചേര്‍ത്ത്‌ വയ്‌ക്കാന്‍ ഒരു പക്ഷേ;തെളിവുകള്‍ കിട്ടിയേക്കാം..!ദുരന്ത സൂചന കിട്ടിയ പാടെ രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെ സുരക്ഷിത ലാവണം തേടും പോലെയാണ്‌ വല്യേട്ടന്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്വയരക്ഷാപ്രവര്‍ത്തനം. അഴിമതിക്കറ പുരളാത്ത മികച്ച മന്ത്രിയെന്ന വിശേഷണമുള്ള ശക്‌തനായ നേതാവ്‌ ജി. സുധാകരന്‍ മുതല്‍ വിവാദങ്ങളുടെ തോഴന്‍ പി.കെ. ശശിവരെ ഇത്തരത്തില്‍ സി.പി.എമ്മില്‍ നിന്ന്‌ എടുത്തു ചാടി പുതുലാവണം തേടി കോണ്‍ഗ്രസ്‌ കരങ്ങളിലാണ്‌ പിടുത്തമിട്ടത്‌. കൈയൊഴിഞ്ഞ്‌ താമര വളളിയില്‍ പിടുത്തമിട്ട്‌ കുളത്തിലാകാതെ കരപറ്റാന്‍ തുനിഞ്ഞിറങ്ങിയ രാജേന്ദ്രാദികള്‍ വേറെ..! ആയ കാലത്തെല്ലാം സി.പി.എമ്മിനൊപ്പം നിന്ന്‌ സ്‌ഥാനമാനങ്ങള്‍ നേടി, ഭരണമാറ്റ സൂചന കിട്ടിയതില്‍പിന്നെ കോണ്‍ഗ്രസ്‌ കരപിടിച്ച്‌ സ്‌ഥാന തുടര്‍ച്ചയ്‌ക്കായി കരുനീക്കം നടത്തുന്ന പുത്തന്‍ കൂറ്റുകാരാല്‍ തോറ്റത്‌ കോണ്‍ഗ്രസിലെ സ്‌ഥാനാര്‍ത്ഥി മോഹികള്‍. വല്യേട്ട ബന്ധം ഉപേക്ഷിച്ച്‌ കൈക്കരുത്തില്‍ ജയിച്ചെത്തുന്നവരില്‍ പലരും മന്ത്രിസഭയിലും നുഴഞ്ഞ്‌ കയറിയേക്കും. ഇവര്‍ക്ക്‌ മുന്നേ ഘടക കക്ഷികളിലൂടേയും മറ്റും വന്നെത്തിയവരും കൂടി ചേരുന്നതോടെ, യു.ഡി.എഫ്‌. വിജയിച്ചാല്‍ വരാനിരിക്കുന്നത്‌ എക്‌സ്‌. സി.പി.എം. മന്ത്രിസഭയാകുമോയെന്ന ആശങ്ക നേതാക്കളിലും പ്രകടം. പാര്‍ട്ടിയുടെ അനുനയ നീക്കങ്ങള്‍ക്ക്‌ വഴങ്ങാതെ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കുമെന്ന്‌ ജി. സുധാകരന്‍ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയെന്നാണ്‌ വയ്‌പ്പെങ്കിലും നീണ്ട ദിവസങ്ങളായി കോണ്‍ഗ്രസ്‌ നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നു. കെ.സി. വേണുഗോപാലാണ്‌ കോണ്‍ഗ്രസിലേക്ക്‌ പാലം. ഇതോടെ കോണ്‍ഗ്രസ്‌ സാധ്യതാ പട്ടികയില്‍ പോലും അമ്പലപ്പുഴയില്‍ ആരുമുണ്ടായില്ല. മുന്‍മന്ത്രി കൂടിയായ സുധാകരന്റെ എട്ടാമത്തെ മത്സരമാണ്‌. തനിച്ചാണ്‌ ജയിച്ചെത്തുന്നതെങ്കിലും ഒരു ഘടക കക്ഷിയുടെ പ്രൗഡിയും കരുത്തും എക്‌സ്‌. സഖാവ്‌ സുധാകരനുണ്ടാവും. കൊല്ലം കൊട്ടാരക്കയില്‍ നിന്ന്‌ അയിഷാ പോറ്റി ജയിച്ചെത്തിയാലും അനുഭവ സമ്പത്ത്‌ മുന്‍ നിര്‍ത്തി ജില്ലയ്‌ക്കുളള പ്രാതിനിധ്യമായി മന്ത്രി സ്‌ഥാനം മാറ്റിവയേ്‌ക്കണ്ടിവരും. മണ്ണാര്‍ക്കാട്ടെ കരുത്തനായ പി.കെ. ശശി, സീറ്റ്‌ കൊടുക്കുമെന്ന കോണ്‍ഗ്രസ്‌ ഉറപ്പിലാണ്‌ സി.പി.എമ്മില്‍ കലാപക്കൊടികുത്തി പുറത്ത്‌ വന്നത്‌. സീറ്റ്‌ നല്‍കുന്നതിലെ തര്‍ക്കം കോണ്‍ഗ്രസിലൊതുങ്ങി ഒറ്റപ്പാലത്തോ ഷൊര്‍ണൂരോ മത്സരിച്ച്‌ ജയിച്ചെത്തിയാല്‍ ശശിയെ ചുമ്മാ ഇരുത്താനൊന്നും ഒക്കുകേലെന്ന്‌ നേതൃത്വത്തിനറിയാം. പാലക്കാട്ടെ മറ്റ്‌ മണ്‌ഡലങ്ങളില്‍ തന്റെ അനുയായിവൃന്ദങ്ങള്‍ക്കുള്ള സ്വാധീനം ശശി തുരുപ്പുചീട്ടാക്കും. മാത്രമല്ല; ആഴ്‌ചകള്‍ മുമ്പു വരെ ശശി കെ.ടി.ഡി.സി. ചെയര്‍മാനുമായിരുന്നു.മുന്നേ ചേക്കേറി യു.ഡി.എഫ്‌. ചില്ലയില്‍ കൂടുറപ്പിച്ചവരിലുമുണ്ട്‌ മന്ത്രിസഭാ പ്രവേശം കൊതിക്കുന്ന പലരും. വടകരയില്‍ നിന്ന്‌ വീണ്ടും മത്സരിക്കുമെന്നുറപ്പിച്ച ആര്‍.എം.പിയിലെ കെ.കെ. രമ ഇത്തരത്തില്‍ എക്‌സ്‌. സി.പി.എം. നേതാവാണ്‌. സി.പി.എമ്മിലെ ബുദ്ധിജീവി പട്ടമൊഴിഞ്ഞ്‌ എം.വി. രാഘവനൊപ്പം ഇറങ്ങി പോന്ന്‌ യു.ഡി.എഫില്‍ കുടിയേറിയ സി.പി. ജോണിന്‌ തിരുവനന്തപുരത്തെ സുരക്ഷിതമണ്‌ഡലം നല്‍കി മത്സരിപ്പിക്കണമെന്ന്‌ യു.ഡി.എഫില്‍ തീരുമാനമുണ്ട്‌. ജയിച്ചെത്തിയാല്‍ മന്ത്രിസഭയില്‍ അംഗത്വം നല്‍കാതെ തരമില്ലെന്ന അവസ്‌ഥയുമാകും.ഫലത്തില്‍, ഇത്തരമൊരു സാഹചര്യത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലാണ്‌ പുതിയ മന്ത്രിസഭാ രൂപീകരണമെങ്കില്‍ അതൊരു എക്‌സ്‌. സി.പി.എം. കാബിനറ്റ്‌ ആകുമോയെന്ന ആശങ്കയിലാണ്‌ കോണ്‍ഗ്രസിലെ മന്ത്രിപദ മോഹികള്‍. മത സാമുദായിക ജാതി വനിതാ സമവാക്യങ്ങളെല്ലാം പരിഗണിച്ചാണ്‌ മന്ത്രി സ്‌ഥാന വീതം വയപ്‌. അതിനാല്‍തന്നെ ജയിച്ചെത്തുന്ന എക്‌സ്‌. സി.പി.എമ്മുകാര്‍ മന്ത്രിസ്‌ഥാനങ്ങള്‍ തട്ടിയെടുക്കുന്നതോടെ ഇത്തരം പരിഗണനയില്‍ തട്ടിയും അവസരം നഷ്‌ടമാകുമെന്ന ആശങ്കയും നേതൃതലത്തിലുണ്ട്‌. മാത്രമല്ല; മത്സരിക്കാന്‍ അനുവാദം ലഭിക്കാത്ത കോണ്‍ഗ്രസ്‌ എം.പിമാരും ആശങ്കാകുലരും അസ്വസ്‌ഥരുമാണ്‌. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാതെ, ഇന്ദ്രപ്രസ്‌ഥ അധികാര ഇടനാഴിയുടെ ഏഴയലത്ത്‌ ഇടമില്ലാതെ, പ്രതിപക്ഷ എം.പിമാരായി ചടഞ്ഞിരിക്കവേ, എക്‌സ്‌. സി.പി.എംകാര്‍ കൊടിവച്ച കാറില്‍ പറക്കുന്നത്‌ കാണേണ്ടി വരുമോയെന്ന ആശങ്കയിലാണിവര്‍. തെരഞ്ഞെടുപ്പടുക്കവേ മറുകണ്ടം ചാടുന്നവര്‍ക്കായി തോള്‌ ചരിച്ച്‌ ആനന്ദനൃത്തമാടുന്ന കോണ്‍ഗ്രസ്‌, മുന്നെ ചാടിയെത്തിയവനെ മറന്ന മട്ടാണ്‌. പാലക്കാടോ ഒറ്റപ്പാലമോ തൃശൂരോ കൊതിച്ച്‌ വലിച്ച ചരടെല്ലാം പൊട്ടി മാനത്തെ ചന്ദ്രികയെ നോക്കിയിരിപ്പാണ്‌ സന്ദീപ്‌ വാര്യര്‍. ഇതു കണ്ട്‌ മനസലിഞ്ഞ്‌ മുസ്‌ലിലീഗ്‌ നേതൃത്വം കോണി നീട്ടി മലപ്പുറത്തേക്ക്‌ കൂട്ടിയേക്കുമെന്നാണ്‌ വാര്യരുടെ അവസാന പ്രതീക്ഷ..!


© Mangalam