ജെൻസികളെല്ലാം കുഴപ്പക്കാരാണോ? അതോ അവരെ വിലയിരുത്തുന്നവരോ? ശരിക്കും ജെൻസി കൈവിട്ടുപോയോ?
ഞങ്ങളുടെ കാലത്ത് പിള്ളേരെക്കുറിച്ച് വലിയ പരാതിയൊന്നുമുണ്ടായിരുന്നില്ല. കാരണം അന്നത്തെ പിള്ളേരുടെ തെറ്റുകൾ പെരുപ്പിച്ച് കാട്ടാൻ ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ ഇല്ലായിരുന്നു. ഇന്നത്തെ കുട്ടി ഒരു തെറ്റ് ചെയ്താൽ വീഡിയോ എടുക്കാം. വീഡിയോ റീൽ ആക്കാം. റീൽ വൈറലാക്കാം. പിന്നെ നാലുപേർക്ക് കൂടിയിരുന്ന് ചർച്ച ചെയ്യാം. അഞ്ചാമൻ ഒരു തീരുമാനം പറയും:'ഈ ജെൻസികൾ കൈവിട്ടു പോയി!'എന്തിനാണ് പോയതെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.
ഒരു പയ്യൻ രാത്രി രണ്ട് മണിവരെ മൊബൈൽ നോക്കി. ജെൻസി കൈവിട്ടു പോയി. ഒരു പെൺകുട്ടി അച്ഛനോട് 'എനിക്ക് എന്റെ തീരുമാനമെടുക്കണം' എന്നു പറഞ്ഞു. ജെൻസി കൈവിട്ടുപോയി. ഒരു കുട്ടി ജോലി മാറി. ജെൻസി കൈവിട്ടു പോയി. ഒരു കുട്ടി കല്യാണം കഴിക്കാൻ വൈകി. ജെൻസി കൈവിട്ടു പോയി. ഒരാൾ കല്യാണം കഴിക്കാനേ തയ്യാറായില്ല. ജെൻസി കൈവിട്ടു പോയി പോയി! ഇത്രയും തവണ പോയിട്ടും ജെൻസി എവിടേക്കാണ് പോകുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല.
നമ്മുടെ നാട്ടിൽ ഒരു കുട്ടി തെറ്റ് ചെയ്താൽ ആദ്യം അന്വേഷിക്കുന്നത് കുട്ടിയുടെ പേര്, വയസ്സ്, ജോലി എന്നിവയല്ല.'ഏത് ജെൻസിയാ?'അതോടെ കേസ് തീർന്നു. ഇന്നത്തെ കുട്ടികൾക്ക് ഒരു പരാതിയുണ്ട്. ഞങ്ങളെല്ലാവരെയും ഒരുമിച്ച് പ്രതികളാക്കരുത്! ഒരു വീട്ടിലെ കുട്ടി വീട്ടിൽ നിന്ന് ഒളിച്ചോടിയാൽ അടുത്ത ദിവസം കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് വരും:'ഇന്നത്തെ തലമുറയുടെ സംസ്‌കാരം ഇതാണ്.'
അല്ല മാഷേ. ആ വീട്ടിലെ ആ കുട്ടിയാണ് ഒളിച്ചോടിയത്.ബാക്കി പത്ത് കോടി കുട്ടികൾ വീട്ടിൽ തന്നെയുണ്ട്.അവരെന്ത് ചെയ്തു? ചിലർ ഓൺലൈൻ ക്ലാസിലാണ്. ചിലർ പരീക്ഷയ്ക്ക് പഠിക്കുകയാണ്. ചിലർ ജോലിക്ക് പോകുകയാണ്. ചിലർ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുകയാണ്. ചിലർ അച്ഛന്റെ മരുന്ന് വാങ്ങുകയാണ്. അവരൊന്നും ന്യൂസിൽ വരില്ല. കാരണം 'കുട്ടി നന്നായി പെരുമാറി' എന്ന വാർത്തയ്ക്ക് റീച്ച് കുറവാണ്.'കുട്ടി പ്രശ്‌നമുണ്ടാക്കി' എന് വാർത്തയ്ക്കാണ് ലൈക്കും........
