menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

മുഖ്യമന്ത്രിമാരെ ഇറക്കി ബി.ജെ.പി; കണ്ണ്‌ അസംതൃപ്‌ത വോട്ടുകളില്‍

24 0
21.03.2026

പ്രധാന സീറ്റുകളിലെല്ലാം സ്‌ഥാനാര്‍ഥികളായതോടെ ബി.ജെ.പി. പ്രചാരണരംഗത്ത്‌ സജീവമായി. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്‌തമായി സംസ്‌ഥാനത്തെ പല മണ്‌ഡലങ്ങളിലും ശക്‌തമായ ത്രികോണ മത്സരത്തിനാണ്‌ അരങ്ങൊരുങ്ങുന്നത്‌. തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ വിഹിതം വര്‍ധിപ്പിക്കുക എന്നതായിരുന്നു ഇതുവരെ പ്രധാന ലക്ഷ്യമെങ്കില്‍ ഇത്തവണ അധികാരം പിടിക്കുകയാണു ലക്ഷ്യമെന്നു ബി.ജെ.പി. നേതാക്കള്‍ പറയുന്നു. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു നേതാക്കളേയും പ്രവര്‍ത്തകരേയും രംഗത്തിറക്കിയാണ്‌ ഇത്തവണ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം. തൃശൂരില്‍ ഇന്ന്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം ആവേശോജ്വലമാക്കാനുള്ള തയാറെടുപ്പിലാണ്‌ പാര്‍ട്ടി. പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായുള്ള റോഡ്‌ ഷോ നയിക്കാനെത്തുന്നത്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. തുടര്‍ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥ്‌ അടക്കമുള്ള വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കളും വിവിധ മണ്ഡലങ്ങളിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഒന്നിലേറെ തവണ കേരളത്തിലെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തനതു വോട്ടുകള്‍ പരമാവധി ശേഖരിക്കുകയും കോണ്‍ഗ്രസിലേയും സി.പി.എമ്മിലേയും അസംതൃപ്‌തരുടെ വോട്ടുകള്‍ സ്വന്തം ചിത്തിലേക്ക്‌ എത്തിക്കുകയും ചെയ്യുകയെന്ന തന്ത്രത്തിലൂന്നിയാണു ബി.ജെ.പി. സ്‌ഥാനാര്‍ഥികളുടെ പ്രചാരണം. ഇരുമുന്നണികളില്‍നിന്നും വ്യത്യസ്‌തമായി പ്രതിഷേധമില്ലാതെ സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണു പാര്‍ട്ടി. ഇടതുപക്ഷം സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ലാത്ത ഏതാനും സീറ്റുകള്‍ ഒഴിച്ചിട്ടാണ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്‌. ഇവിടങ്ങളില്‍ എതിര്‍ സ്‌ഥാനാര്‍ഥി ആരെന്ന്‌ വ്യക്‌തമായ ശേഷമായിരിക്കും സ്‌ഥാനാര്‍ഥി പ്രഖ്യാപനം. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കൂടി വീക്ഷിച്ചാണ്‌ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ അനുനിമിഷം പുതുക്കുന്നത്‌. 2021 ലെ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ്‌ മണ്‌ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി ശക്‌തമായ മത്സരം കാഴ്‌ചവച്ച യുവ നേതാവ്‌ ബി.എസ്‌. അനൂപ്‌ ഇത്തവണ ഇതേ മണ്‌ഡലത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാകും. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍.എസ്‌. അരുണ്‍ ചടയമംഗലത്തു സ്‌ഥാനാര്‍ഥി. ഇരുവരും ഇന്നലെ ബി.ജെ.പി.യില്‍ ചേര്‍ന്നു. ചിറയിന്‍കീഴ്‌ സ്‌ഥാനാര്‍ഥിയായി രമ്യാ ഹരിദാസിനെ കോണ്‍ഗ്രസ്‌ കെട്ടിയിറക്കിയെന്നാരോപിച്ചാണ്‌ അനൂപ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. നെടുമങ്ങാടും കണ്ണൂര്‍ തളിപ്പറമ്പിലും പയ്യന്നൂരിലുമടക്കം പാര്‍ട്ടിയിലെ കലാപതീ പൂര്‍ണമായും കെടുത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഇനിയും സാധിച്ചിട്ടില്ല. കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസാണ്‌ നേതൃത്വത്തിനെതിരേ രംഗത്തിറങ്ങിയത്‌. ഏറ്റുമാനൂരില്‍ പ്രവര്‍ത്തനവുമായി മുന്നോട്ട്‌ പോയ ശേഷം പിന്മാറേണ്ടി വന്ന ജോസഫ്‌ വാഴയ്‌ക്കനും മുറിവേറ്റ അവസ്‌ഥയിലാണ്‌. മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃതലത്തിലെ ഒരാള്‍ക്കുപോലും ഇത്തവണ സീറ്റ്‌ ലഭിച്ചിട്ടില്ല. ഇതടക്കമുളള അതൃപ്‌തി കോണ്‍ഗ്രസില്‍ പുകയവേ, അസംതൃപ്‌ത വോട്ടുകള്‍ ചോര്‍ത്താനുള്ള തന്ത്രങ്ങളാണ്‌ ബി.ജെ.പി. മെനയുന്നത്‌. ഈ സാഹചര്യത്തില്‍, അപ്രതീക്ഷിത സീറ്റുകളില്‍ അടക്കം ബി.ജെ.പി. വിജയിക്കുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍ അവകാശപ്പെടുന്നു.


© Mangalam