ക്ഷാമകാലത്തെ ഡിജിറ്റല്‍ കരിഞ്ചന്ത
അടുക്കളയില്‍ തീ പുകയാത്തതിന്റെ ആശങ്കയില്‍ കഴിയുന്ന സാധാരണക്കാരന്റെ നിസ്സഹായാവസ്‌ഥയെ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു കൂട്ടം സൈബര്‍ കഴുകന്മാര്‍ നമുക്കിടയില്‍ സജീവമായിരിക്കുന്നു. സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന പാചകവാതക ക്ഷാമത്തെ ഒരു ബിസിനസ് അവസരമായി കണ്ട്, ജനങ്ങളെ കൊള്ളയടിക്കാന്‍ ഇറങ്ങിത്തിരിച്ച ഈ തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വിപണിയില്‍ ഒരു സാധനത്തിന് ക്ഷാമം നേരിടുമ്പോള്‍ അത് അമിതവിലയ്‌ക്ക് വില്‍ക്കുന്ന പഴയകാല കരിഞ്ചന്തക്കാരുടെ ആധുനിക ഡിജിറ്റല്‍ പതിപ്പാണ് ഇന്നത്തെ സൈബര്‍ തട്ടിപ്പുകാര്‍. മുപ്പത് മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കാം എന്ന വാഗ്‌ദാനം കേള്‍ക്കുമ്പോള്‍, ദിവസങ്ങളായി ബുക്ക് ചെയ്‌ത് കാത്തിരിക്കുന്ന സാധാരണക്കാരന്‍ സ്വാഭാവികമായും ആ കെണിയില്‍ വീണുപോകുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്നത് കേവലം സാമ്പത്തിക ലാഭക്കൊതി മാത്രമല്ല, മറിച്ച് മനുഷ്യന്റെ പരിഭ്രാന്തിയെയും അടിയന്തര സാഹചര്യങ്ങളെയും ചൂഷണം ചെയ്യാനുള്ള ക്രൂരമായ ബുദ്ധിയാണ്. ഒരു ഫയലിലൂടെയോ ലിങ്കിലൂടെയോ ഒരാളുടെ സമ്പാദ്യം മുഴുവന്‍ ചോര്‍ത്തിയെടുക്കുന്നവര്‍ ഓര്‍ക്കുന്നില്ല, അത് ഒരു കുടുംബത്തിന്റെ അന്നത്തിനുള്ള വകയാണെന്ന്. ദുരന്തമുഖങ്ങളില്‍ പോലും പണം കൊയ്യാന്‍ ശ്രമിക്കുന്ന ഇത്തരക്കാരുടെ കച്ചവടക്കണ്ണ് അങ്ങേയറ്റം സാമൂഹിക വിരുദ്ധമാണ്.ഇതാദ്യമായല്ല ഇത്തരം പ്രതിസന്ധികളെ തട്ടിപ്പുകാര്‍ ആയുധമാക്കുന്നത് എന്നത് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതുണ്ട്. കോവിഡ് മഹാവ്യാധിയുടെ കാലത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടിയപ്പോള്‍, വ്യാജ വെബ്‌സൈറ്റുകള്‍ വഴി പണം തട്ടിയെടുക്കുകയും വ്യാജ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്‌ത സംഘങ്ങള്‍ സജീവമായിരുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ വ്യാജ യു.പി.ഐ. ഐഡികള്‍ ഉണ്ടാക്കി പണം തട്ടിയ സംഭവങ്ങളും നാം കണ്ടതാണ്. ദുരന്തങ്ങളും ക്ഷാമവും ജനങ്ങളെ തളര്‍ത്തുമ്പോള്‍, അവരുടെ നിസ്സഹായാവസ്‌ഥയെ മുതലെടുത്ത് സ്വന്തം കീശ വീര്‍പ്പിക്കുന്ന ഇത്തരം പ്രവണതകള്‍ മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പശ്‌ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തിലും തട്ടിപ്പുകാര്‍ അതേ തന്ത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്.സാങ്കേതികവിദ്യ വളരുന്നതിനൊപ്പം നമ്മുടെ പൗരബോധവും ജാഗ്രതയും വളരേണ്ടതുണ്ട്. വാട്‌സ്‌ആപ്പിലൂടെയോ എസ്.എം.എസ്. വഴിയോ വരുന്ന 'ഗ്യാസ് ബില്‍ അപ്‌ഡേറ്റ് എ.പി.കെ' പോലുള്ള ഫയലുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് ഫോണിന്റെ പൂര്‍ണ നിയന്ത്രണം അപരിചിതര്‍ക്ക് നല്‍കുന്നതിന് തുല്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു എണ്ണക്കമ്പനിയും അരമണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നില്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഇന്‍ഡെയ്‌ന്‍, ഭാരത് ഗ്യാസ്, എച്ച്.പി. തുടങ്ങിയ കമ്പനികളുടെ ഔദ്യോഗിക ആപ്പുകള്‍ അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ വഴി മാത്രം ബുക്കിങ് നടത്തുക എന്നതാണ് സുരക്ഷിതമായ മാര്‍ഗം. ഒ.ടി.പിയോ യു.പി.ഐ. പിന്‍ നമ്പറുകളോ അപരിചിതരുമായി പങ്കുവയ്‌ക്കരുത്. ക്ഷാമം താല്‍കാലികമാണ്, എന്നാല്‍, ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്‌ടപ്പെടുന്ന സമ്പാദ്യം തിരിച്ചുപിടിക്കാന്‍ പ്രയാസമായിരിക്കും. സര്‍ക്കാരും പോലീസും നല്‍കുന്ന മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കുകയും ചുറ്റുമുള്ളവരെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഈ സമയത്ത് ഓരോ പൗരനും ചെയ്യാനാവുന്ന ഏറ്റവും വലിയ സാമൂഹിക സേവനം.
