ട്വന്റി 20യും ബിജെപിയും ഒന്നിക്കുമ്പോൾ | വഴിപോക്കൻ
സാബു ജേക്കബിനും ട്വന്റി 20-ക്കും ഇത് ഒരർത്ഥത്തിൽ ഖർവാപസിയാണ്. ഒരേ മനസ്സുള്ളവർ എപ്പോഴായാലും ഒന്നിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇരുവഞ്ഞിപ്പുഴ അറബിക്കടലിലേക്കെത്തുക തന്നെ ചെയ്യും എന്ന് പറയുന്നതുപോലെ ട്വന്റി 20-ക്ക് ബിജെപിയിലേക്ക് എത്താതിരിക്കാനാവില്ലെന്ന് ആ പാർട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് വ്യക്തമായിരുന്നു.
ബിസിനസിനും രാഷ്ട്രീയത്തിനും ഇടയിലുള്ള അതിർവരമ്പുകൾ പരസ്യമായി പൊളിച്ചത് നരേന്ദ്ര മോദിയും ബിജെപിയുമാണ്. 2014-ൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അഹമ്മദാബാദിൽനിന്നു ദില്ലിയിലേക്കുള്ള യാത്രയ്ക്ക് അദാനിയുടെ സ്വന്തം ജെറ്റ് വിമാനം ഉപയോഗിച്ചുകൊണ്ട് ബിസിനസ്സുകാർ തനിക്കും പാർട്ടിക്കും അന്യരല്ലെന്ന കൃത്യമായ സന്ദേശമാണ് മോദി നൽകിയത്. ബിസനിസിലൂടെ വളർന്ന രാജീവ് ചന്ദ്രശേഖറിനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനും പിന്നീട് കേരളത്തിൽ ബിജെപിയുടെ അദ്ധ്യക്ഷനായി നിയോഗിക്കുന്നതിനും മോദിക്ക് മടിയുണ്ടായില്ല. ഇപ്പോഴിതാ അതേ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനായ സാബു ജേക്കബിനെയും അദ്ദേഹത്തിന്റെ പാർട്ടിയേയും ബിജെപി കൂടാരത്തിലേക്ക് കൂട്ടിയിരിക്കുന്നു.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരു ബദൽ എന്ന നിലയിലാണ് സാബു ട്വന്റി 20 ഇറക്കിയത്. ആ ബദൽ സ്വപ്നം സാബു ഉപേക്ഷിക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ട്വന്റി 20-യെ നേരിടാൻ സിപിഎം - കോൺഗ്രസ് അന്തർധാര സജീവമായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുന്നത്തുനാടും മുഴുവന്നൂരും ട്വന്റി 20-ക്ക് തിരിച്ചടിയുണ്ടായത് ഈ രഹസ്യ കൂട്ടുകെട്ടു കൊണ്ടാണെന്നും വിലയിരുത്തലുണ്ടായി.
അമേരിക്കൻ ഭരണാധികാരി ട്രംപ് ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ അമിത നികുതിയുടെ ഇരകളിൽ ഒരാൾ സാബു ജേക്കബാണ്. അമേരിക്കൻ വിപണിയിലാണ് സാബുവിന്റെ കമ്പനിയായ കിറ്റെക്സിന്റെ ടെക്‌സ്റ്റൈൽ ഉത്പന്നങ്ങൾ ഏറെയും വിറ്റഴിഞ്ഞിരുന്നത്. ബിസിനസിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ഉടമയുടെ രാഷ്ട്രീയ നിലപാടുകളിലും മാറ്റം വരുത്താം. കൂടെ നിന്നാൽ സഹായിക്കാൻ ഏതറ്റവും വരെ പോകുന്ന പാർട്ടിയാണ് ബിജെപി. കേരളത്തിൽ ബിഡിജെഎസിനെ മാറ്റി നിർത്തിയാൽ ബിജെപിക്ക് എടുത്തുപറയാനായി ഒരു സഖ്യകക്ഷി ഉണ്ടായിരുന്നില്ല. ഇടക്കാലത്ത് കൂടെക്കൂടിയ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ്.
വളർച്ച സഖ്യത്തിലൂടെ
1980-ൽ പിറവിയെടുത്തതിന് ശേഷം ബിജെപി വളർന്നത് പ്രാദേശിക തലങ്ങളിൽ വിവിധ സഖ്യങ്ങൾക്ക് രൂപം നൽകിക്കൊണ്ടാണ്. മഹാരാഷ്ട്രയിൽ ശിവസേനയും കർണാടകത്തിൽ ജെഡിഎസും ഒറീസയിൽ ബിജെഡിയും ബിഹാറിൽ ജനതാദൾ യുവും തമിഴ്നാട്ടിൽ എഐഎഡിഎംകെയും അസമിൽ അസം ഗണ പരിഷത്തും ബിജെപിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു. കേരളത്തിൽ ബിഡിജെഎസ് താരതമ്യേന ദുർബ്ബലമായ രാഷ്ട്രീയ പാർട്ടിയാണെങ്കിലും ഈഴവ സമുദായത്തിലേക്ക് ബിജെപിക്ക് കടന്നുചെല്ലാനുള്ള പാലം എന്ന ചരിത്രപരമായ പങ്ക് ആ പാർട്ടി വഹിച്ചു എന്നത് കാണാതിരിക്കാനാവില്ല.
ക്രിസ്ത്യൻ സമുദായവുമായി അടുക്കുക എന്നത് ബിജെപിയുടെ........
