'വൈകിട്ട് അച്ഛനും അമ്മയും വന്നു കയറാനില്ലാത്ത വീട് എത്ര അര്‍ത്ഥശൂന്യമാണ്,സങ്കടം എന്റെ ശീലമായിരുന്നു'
ഷീജ വക്കം
അജ്ഞാതദേവതകളുടെ പുഷ്പവൃഷ്ടി പോലെ എന്നും ഉണര്‍ന്നു വരുമ്പോള്‍ മണലില്‍ ആ പൂക്കള്‍ ചിതറിക്കിടക്കും. തീരെച്ചെറിയ നീണ്ട ഉടലും,ഉള്ളില്‍ മൂന്നാലു തിരികളുമുള്ള റോസുനിറമുള്ള കുഞ്ഞുപൂക്കള്‍. ഈ പൂക്കള്‍ ഏതു മരത്തില്‍ നിന്നാണ് വീഴുന്നത്.? ഉണ്ണിക്കണ്ണന്‍ ഉരലും കൊണ്ടോടിയപ്പോള്‍ മറിച്ചിട്ട ഇരട്ട നീര്‍മരുതുകളെപ്പോലെ അടുത്തടുത്തായി രണ്ടു ബംബ്ലിമാസ് മരങ്ങള്‍ മുറ്റത്തുണ്ട്. മാമന്റെ വണ്ടി ടയര്‍ മാറുമ്പോള്‍ പഴയ ടയറുകള്‍ അതിന്റെ കൊമ്പില്‍ കയറില്‍ക്കെട്ടിയിടും. അതിലിരുന്നാണ് ഊഞ്ഞാലാട്ടം.. ഏതു നിമിഷവും പൊട്ടിവീഴാവുന്ന ഇരുമ്പുണ്ടകളെപ്പോലെ അതിന്റെ വലിയ ഗോളാകൃതിയിലുള്ള കായകള്‍ കാറ്റില്‍ ആടിക്കളിക്കും. പക്ഷേ റോസുനിറമുള്ള പൂക്കളുടെ ഉടമകള്‍ ഈ മരങ്ങളല്ല.
ശീമപ്ലാവ് പുരയെക്കാള്‍ വളര്‍ന്നാല്‍ ദോഷമാണെന്ന് അമ്മച്ചി പറയുമായിരുന്നു. അങ്ങനെ ജീവാപായഭീഷണി നേരിടുന്ന ഒരു ശീമപ്ലാവുണ്ടായിരുന്നു. മൂപ്പെത്തും മുമ്പടര്‍ന്ന ശീമച്ചക്കകള്‍ അതിന്റെ ചോട്ടില്‍ പൊഴിഞ്ഞു കിടന്നു. വരിക്കപ്ലാവില്‍ നിന്നു മുറ്റത്താകെ പ്ലാവിലകള്‍ പാറിവീണു.പക്ഷേ ഈ പൂക്കള്‍ ഇവയുടേതുമല്ല.
നാലഞ്ചു വയസ്സു പ്രായത്തില്‍ കണ്ണില്‍ത്തറഞ്ഞ ഈ നിഗൂഢപുഷ്പപാതം വീണ്ടും കുറേക്കുറേക്കാലം കഴിഞ്ഞാണ് പിടി തന്നത്. പ്ലാവിന്റെ കൊമ്പിലെ ഒരു അഭയാര്‍ത്ഥിയായിരുന്നു കക്ഷി. തുടുതുടുപ്പുള്ള മാംസളമായ ഇലകളുമായി കൊമ്പില്‍ അള്ളിപ്പിടിച്ചിരുന്ന ഇത്തിള്‍ക്കണ്ണിയുടേതായിരുന്നു ആ കുഴല്‍പ്പൂക്കള്‍. ഓരോ കാഴ്ചയും ഓരോ ഓര്‍മ്മയാണല്ലോ. ഓര്‍മ്മകളാണ് ജീവിതവും കവിതയും.
മറ്റൊരാളുടെ ചോരയൂറ്റിക്കൊണ്ടു ചിരിവിടര്‍ത്തുന്ന പരാദജീവികള്‍! മാതൃമരങ്ങളുടെ തീന്‍മേശകള്‍ക്കരികില്‍ അവര്‍ അധികാരപൂര്‍വ്വം കസേര വലിച്ചിട്ടിരുന്നു. അവകാശപൂര്‍വം അന്നം തട്ടിപ്പറിച്ചു. മധുരമുള്ള ചെറുപഴങ്ങളാല്‍ വഴിയെ പോയ കിളികളെ വിളിച്ചു വിരുന്നൂട്ടി, ഉദാരമതികളായി..അവയുടെ കൊക്കുകളില്‍ വിത്തുകളായി ഒട്ടിപ്പിടിച്ച് ആകാശസഞ്ചാരം നടത്തുകയും ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേയ്ക്ക് ചൂഷകവംശാവലി പടര്‍ത്തുകയും ചെയ്തു. ആഴങ്ങളില്‍ കഠിനവേല ചെയ്ത് കോരിയെടുത്ത വെള്ളമാണ് ആ പിടിച്ചുപറിക്കാര്‍ മരത്തിന്റെ ജലഞരമ്പുകളില്‍ നിന്ന് കുത്തിക്കുടിച്ചിരുന്നത്. പക്ഷേ പ്ലാവിന്റെ ചോരയും നീരുമൂറ്റിയ ആ പുള്ളോന്നിപ്പൂക്കളെ ഞാന്‍ അന്ന് നിഷ്‌ക്കളങ്കമായി സ്‌നേഹിച്ചു. അവയുടെ ചതിയന്‍ ചിരികളെ ഇന്നും ഗൃഹാതുരമായി സ്‌നേഹിച്ചുപോകുന്നു. സസ്യേതരമായ പരാന്നജീവിതങ്ങളുമുണ്ടെന്ന് അന്നറിയുമായിരുന്നില്ല. ഇത്തിള്‍ക്കണ്ണി മനുഷ്യരെക്കാണാനും പരിചയപ്പെടാനുമിടയായത് വളരെക്കാലം കഴിഞ്ഞാണ്.
ഈ മണല്‍മുറ്റവും ബംബ്ലിമാസുകളും ഇത്തിള്‍ക്കണ്ണിപ്പൂവും ഉമ്മറത്തിണ്ണയുമെല്ലാം പില്‍ക്കാലത്തൊരു കവിതയ്ക്കു പശ്ചാത്തലമായി. ആട്ടിന്‍കുട്ടി സഹനടനായും രംഗത്തെത്തി. കാവ്യഗുണ്ട എന്ന കവിതയുടെ പശ്ചാത്തലത്തില്‍ ഇവരെല്ലാം വന്നു തലകാണിച്ചു.
'തരളമായ് പൂമൊട്ടുതിര്‍ക്കുന്നു പ്ലാവിന്റെ
മുകളില്‍ നിന്നിത്തിളിന്‍ കൈക്കുടന്ന
മണലാകെ മൂടുന്നു പ്ലാവില
കാലൊന്നു വഴുതിപ്പതിക്കുന്നു തേന്‍വരിക്ക '
കവിതയുടെ കുഞ്ഞാടു കെട്ടു പൊട്ടിച്ചു തുള്ളി നിന്ന ഇളവെയില്‍ മുറ്റത്തിന്റെ പ്രകൃതി ആ വടക്കതില്‍ തറവാടിന്റെയാണ്, അമ്മയുടെ വീടിന്റെ. ഒരുപക്ഷേ അക്ഷരമെഴുതിപ്പഠിച്ച ആദ്യകാലത്തോടുള്ള ഉപബോധപ്രതിപത്തിയാലാവണം കവിതയുടെ കുഞ്ഞാട് അവിടെത്തന്നെ ചെന്ന് തുള്ളിയത്.
പണ്ട് ഒരു തള്ളയാടും രണ്ടാട്ടിന്‍കുട്ടികളുമുണ്ടായിരുന്നു അവിടെ. അവര്‍ക്കു താമസിക്കാന്‍ മരത്തിന്റെ ഫ്രെയിമില്‍ ഇരുമ്പുനെറ്റടിച്ച ഒരു കൂടും. രാവിലെ ഒരു ഈര്‍ക്കിലുമായിറങ്ങി പ്ലാവിലകള്‍ അതില്‍ കുത്തിക്കൊണ്ടുവന്ന് ആടിനെ തീറ്റിക്കലായിരുന്നു പ്രധാനജോലി. പാവക്കുട്ടിയെപ്പോലെ ലാളിക്കാനും, പുന്നാരിക്കാനുമൊക്കെയുള്ള ശിശുപരിശ്രമങ്ങളോട് സൂക്ഷ്മതയോടെയുള്ള ഒരകലം ആട് എന്നും പാലിച്ചിരുന്നു. അതിന്റെ ചെറിയ കൊമ്പ് രോമങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടതു പോലെയാണ്. വലിയ സൗഹൃദത്തിനു ചെന്നാല്‍ തല താഴ്ത്തി അത് ഇടിക്കാന്‍ വരുമ്പോലെ കാട്ടും. തൂങ്ങിയാടുന്ന വലിയ അകിട് ഇപ്പോള്‍ അറ്റു നിലത്തു വീഴുമെന്ന് തോന്നും. ആട്ടിന്‍കുട്ടികള്‍ പടുവികൃതികളാണ്. അവയ്ക്ക് മര്യാദയ്ക്ക് നടക്കാനറിയില്ല. തുള്ളിച്ചാട്ടമാണ് എപ്പൊഴും. ആരെയും അനുസരിക്കില്ല. 'അറിയില്ല തന്‍ തോന്നലല്ലാതെ മറ്റേതു നിയമവും കുഞ്ഞാടിനന്നുമിന്നും.' എന്ന് കവിതയെപ്പറ്റിയെഴുതുമ്പോള്‍ ഈ ആട്ടിന്‍കുട്ടികളുണ്ടായിരുന്നു മനസ്സില്‍. കവിതയിലുള്ളത് കൃത്രിമമായ വൃത്തബോധമല്ല, ഉപബോധത്തിലുള്ള പ്രാകൃതമായ താളബോധമാണ്.
പണ്ട് ഒരു മഴക്കാലത്ത് വെള്ളം കേറി പാടവും പുഴയുമെല്ലാം ഒന്നായി. വയല്‍ നിറയെ വെള്ളാമ്പല്‍ വിരിഞ്ഞു നിന്നു. അതിഹൃദ്യഗന്ധമുള്ള വലിയ വെള്ളപ്പൂക്കള്‍. വയലുകള്‍ക്കിടയിലെ വരമ്പുകള്‍ വെള്ളത്തിനടിയില്‍, തൊലിയ്ക്കടിയിലെ ഞരമ്പുകള്‍ പോലെഴുന്നു കാണാം. തോട്ടിലൂടെ ഡോള്‍ഫിന്‍ ഒഴുകി വരുന്നെന്ന് വാര്‍ത്ത പരന്നപ്പോള്‍ അതിനെ കാണാന്‍ ജനം കൂടി. സ്രാവാണെന്ന് കരുതി ആരോ അതിനെ പിടികൂടി അടിച്ചു കൊന്നെന്നും കഥയുണ്ടായി. അന്ന് വയലിലെ ആമ്പല്‍ പറിക്കാന്‍ അമ്മ വരമ്പിലൂടെ നടന്നു. വെളളം സാരിത്തുമ്പിനെ കുതിര്‍ത്തു. കുറച്ചു മുന്നോട്ടു നടന്നു കാണണം. കരയില്‍ നിന്നു നോക്കുമ്പോള്‍ കടല്‍ പോലെ പരക്കുകയാണ് ജലം. അമ്മ അതിനുമീതേ ഗലീലിക്കടലിനു മേല്‍ യേശു നടന്ന പോലെ നടന്നുപോയി. ചുറ്റും ആമ്പല്‍ക്കാടുകള്‍ ഉലഞ്ഞു. അമ്മ പോയിക്കഴിഞ്ഞു. ഓര്‍മ്മയിലെയാ പഴയ ആമ്പല്‍പ്പരപ്പ് ശോകപ്പരപ്പായി ഭാവഭേദപ്പെട്ടു കഴിഞ്ഞിരുന്നു.
'മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പല്‍പ്പൂവുലഞ്ഞ താളം'
എന്ന് അത് കവിതയില്‍ പ്രത്യക്ഷപ്പെട്ടു.
ചിറയിന്‍കീഴച്ഛനെന്നും,അമ്മച്ചിയെന്നുമാണ് അമ്മയുടെ........
© Mathrubhumi
